TMJ
searchnav-menu
post-thumbnail

TMJ Daily

പാക്കിസ്ഥാനിൽ ഇമ്രാൻ അനുകൂലികളുടെ പ്രക്ഷോഭം തുടരുന്നു

02 Dec 2025   |   1 min Read
TMJ News Desk

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ റാവൽപിണ്ടിയിൽ സർക്കാർ കർഫ്യൂ ഏർപ്പെടുത്തി. ആദിയാല ജയിലിൽ ഇമ്രാൻ ഖാൻ തടവിൽ കഴിയുകയാണ്. സ്ഥലത്ത് റാലികൾക്കും കൂടിച്ചേരലുകൾക്കും പൊതുചടങ്ങുകൾക്കും നിരോധനമേർപ്പെടുത്തി.

പാക്കിസ്ഥാനിൽ ഇമ്രാൻ ഖാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ്(പിടിഐ) പാർട്ടിയുടെ പ്രതിഷേധം കനക്കുകയാണ്. ഇമ്രാൻ ഖാന്റെ ആരോഗ്യാവസ്ഥ വെളിപ്പെടുത്തണമെന്നും ജയിലിൽ കാണാൻ അനുവദിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്നും, മൃതദേഹം ജയിലിൽ നിന്നും മാറ്റിയെന്നും അഫ്ഗാനിസ്ഥാനിലെയും ബലൂചിസ്ഥാനിലെയും സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പ്രചരിച്ചു. തുടർന്ന് പാക്കിസ്ഥാനിൽ വലിയ പ്രതിഷേധമുണ്ടായി. ഇമ്രാൻ ഖാനെ കാണാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജയിലിന് പുറത്ത് കാത്തുനിന്ന ഇമ്രാന്റെ സഹോദരിമാരായ അലിമ ഖാൻ, ഡോ. ഉസ്മ ഖാൻ, നോറിൻ നിയാസി എന്നിവരെ പോലീസ് മർദ്ദിക്കുകയും, ബലം പ്രയോഗിച്ച് നീക്കുകയും ചെയ്തിരുന്നു. ഒരു മാസത്തിലധികമായി കുടുംബാംഗങ്ങൾക്കോ അഭിഭാഷകർക്കോ ഇമ്രാൻ ഖാനെ കാണാൻ അനുമതി ലഭിച്ചിട്ടില്ല.


#Daily
Leave a comment