
2024ല്‍ ശതകോടീശ്വരന്‍മാരുടെ സ്വത്ത് ഒരു ദിവസം ശരാശരി വര്‍ദ്ധിച്ചത് 5.7 ബില്ല്യണ്‍ ഡോളര്‍ വീതം
ലോകത്തിലെ ഏറ്റവും വലിയ ധനികരായ വ്യക്തികളുടെ ആകെ സമ്പത്ത് കഴിഞ്ഞ വര്‍ഷം രണ്ട് ട്രില്ല്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു. 2023ലേതിനേക്കാളും മൂന്നിരട്ടി വേഗത്തിലാണ് വര്‍ദ്ധനവെന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക സമ്മേളനം സ്വിറ്റ്സര്‍ലണ്ടിലെ ദാവോസില്‍ ആരംഭിക്കുന്നതിന് തലേന്നാള്‍ വൈകുന്നേരം പുറത്തുവന്ന ഓക്‌സ്ഫാം റിപ്പോര്‍ട്ട് പറയുന്നു. 2024ല്‍ സമ്പന്നരുടെ സമ്പത്ത് 15 ട്രില്ല്യണ്‍ ഡോളര്‍ ആണ്.
ലോകമെമ്പാടും ദാരിദ്യവും അസമത്വവും ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഓക്‌സ്ഫാം. 2024ല്‍ പുതുതായി 204 പേര്‍ ശതകോടീശ്വരന്‍മാരായി. ഓരോ ആഴ്ചയിലും ശരാശരി നാല് പേര്‍ പുതുതായി ശതകോടീശ്വര പട്ടികയില്‍ ഇടംപിടിച്ചു.
ഏഷ്യയിലെ ശതകോടീശ്വരന്‍മാരുടെ സമ്പത്ത് 299 ബില്ല്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു. അടുത്ത ഒരു ദശാബ്ദത്തിനുള്ളില്‍ കുറഞ്ഞത് അഞ്ച് ട്രില്ല്യണര്‍മാര്‍ ഏഷ്യയില്‍ ഉണ്ടാകുമെന്ന് ഓക്‌സ്ഫാം പ്രവചിക്കുന്നു.
2023ല്‍ സാമ്പത്തിക സംവിധാനങ്ങളിലൂടെ ആഗോള വടക്കിലെ 1% ധനികര്‍ ആഗോള തെക്കില്‍ നിന്നും ഒരു മണിക്കൂറില്‍ 30 മില്ല്യണ്‍ ഡോളര്‍ വീതം ഊറ്റുന്നുയെന്നും ഓക്‌സ്ഫാം പറയുന്നു. യുഎസ്, യുകെ, ഫ്രാന്‍സ് പോലുള്ള രാജ്യങ്ങളാണ് ആഗോള വടക്ക് എന്ന് അറിയപ്പെടുന്നത്. ഈ രാജ്യങ്ങള്‍ ആഗോള സമ്പത്തിന്റെ 69% ഉം നിയന്ത്രിക്കുന്നു. ലോക ജനതയുടെ 21% മാത്രമുള്ള ഇവിടെയാണ് കോടീശ്വരന്‍മാരുടെ സമ്പത്തിലെ 77% ഉം ഉള്ളതും കൂടാതെ 68% ശതകോടീശ്വരന്‍മാരും ഈ രാജ്യക്കാരുമാണ്.
ശതകോടീശ്വരില്‍ 60% പേര്‍ക്കും സ്വത്ത് ലഭിക്കുന്നത് പൈതൃകമായും കുത്തകാധികാരം, ചങ്ങാത്ത മുതലാളിത്തം എന്നിവയിലൂടെയാണ്.
2024ല്‍ ശതകോടീശ്വരരുടെ സ്വത്ത് ഒരു ദിവസം ശരാശരി 5.7 ബില്ല്യണ്‍ ഡോളര്‍ വീതം വര്‍ദ്ധിച്ചു. ആകെ ശതകോടീശ്വരരുടെ എണ്ണം 2023ലെ 2,565ല്‍ നിന്നും 2,769 ആയി വര്‍ദ്ധിച്ചു.
ലോകത്തിലെ ഏറ്റവും വലിയ പത്ത് ധനികരുടെ സ്വത്ത് ഒരു ദിവസം ശരാശരി 100 മില്ല്യണ്‍ ഡോളര്‍ വളര്‍ന്നു. അവരുടെ 99% സ്വത്തും നേരം ഇരുട്ടി വെളുക്കുമ്പോള്‍ ഇല്ലാതായാലും അവര്‍ ശതകോടീശ്വരായി തുടരുമെന്നും ഓക്‌സ്‌ഫോം പറയുന്നു.