
കേരളത്തില്‍ 87 ശതമാനം സമ്പത്ത് 10 ശതമാനം പേരുടെ കൈയില്‍: എം വി ഗോവിന്ദന്‍
എഐ സോഷ്യലിസത്തിലേക്ക് നയിക്കുമെന്ന പ്രസ്താവനയില്‍ കൂടുതല്‍ വിശദീകരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
മാര്‍ക്‌സിസത്തിന്റെ ഭാഗമായി ഒരു ഭാഗത്ത് സമ്പത്ത് കേന്ദ്രീകരിക്കുന്നുവെന്നും കേരളത്തിലേത് പരിശോധിച്ചാല്‍ 87 ശതമാനം സമ്പത്ത് 10 ശതമാനം പേരിലാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇത് 50 ശതമാനം ജനങ്ങള്‍ക്ക് മൂന്ന് ശതമാനവും ആകും. എഐ വരുന്നതോടെ വൈരുദ്ധ്യം അതിശക്തമായി കൂടുമെന്നും അത് ഇന്നല്ലെങ്കില്‍ നാളെ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
60 ശതമാനം തൊഴിലില്ലായ്മ വരുമെന്നാണ് പറയുന്നതെന്നും അഞ്ച് ശതമാനം വന്നാല്‍ തന്നെ ഗുരുതരമായ പ്രതിസന്ധിയാണെന്നും അദ്ദേഹം പറഞ്ഞു.
60 ശതമാനത്തിലധികം തൊഴിലില്ലായ്മയും വാങ്ങല്‍ശേഷിയും പൂര്‍ണമായും ഇല്ലാതാകുകയും ചെയ്താല്‍ രാജ്യത്തിന്റെ സ്ഥിതി സ്‌ഫോടനാത്മകമാകുമെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ സോഷ്യലിസത്തിലേക്കുള്ള യാത്രയില്‍ അധ്വാനിക്കുന്ന വര്‍ഗം അതിശക്തയായി ഈ ഭരണകൂട വ്യവസ്ഥയെ തന്നെ തട്ടിമാറ്റി പുതിയ രീതിയില്‍ മുന്നോട്ടു പോകുമെന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ മാര്‍ക്‌സ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
നിലനില്‍ക്കുന്ന സമ്പദ് വ്യവസ്ഥയെ വര്‍ഗസമരത്തിലൂടെ മാറ്റാതെ ലോകത്ത് ഒരു രാജ്യത്തിനും മുന്നോട്ടു പോവാന്‍ കഴിയാത്ത സാഹചര്യം വരുന്നതിനുള്ള ഒരു ഇടവഴിയാണ് എഐ ഉള്‍പ്പെടെയുള്ളതെന്ന് ഗോവിന്ദന്‍ പറഞ്ഞു.
'ഉല്‍പാദന വിതരണ ഘടനയിലാണ് മുതലാളിത്തത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കഴിവ്. ഉല്‍പാദനോപാധികളുടെ സ്വകാര്യത ഉടമസ്ഥത. ഈ എഐ സംവിധാനം മുഴുവന്‍ ആരുടെ കയ്യിലാ വരിക? നമ്മുടെ നാട്ടിലെ കര്‍ഷത്തൊഴിലാളിയുടെ കയ്യിലാണോ, കൃഷിക്കാരന്റെ കയ്യിലാണോ, ഇടത്തരക്കാരന്റെ കയ്യിലാണോ? എല്ലാം വരുന്നത് കുത്തക മുതലാളിയുടെ കയ്യിലായിരിക്കും,' ഗോവിന്ദന്‍ പറഞ്ഞു.


