TMJ
searchnav-menu
post-thumbnail

IMAGE | WIKI COMMONS

TMJ Daily

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവം: പൊലീസ് കടുത്ത അനാസ്ഥ കാണിച്ചതായി സിബിഐ 

01 May 2024   |   1 min Read
TMJ News Desk

ണിപ്പൂരില്‍ രണ്ട് കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച്, ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ പൊലീസിന്റെ അനാസ്ഥ വിശദമാക്കി സിബിഐ കുറ്റപത്രം. ലൈംഗികാതിക്രമം നേരിടുന്നതിന് മുന്‍പായി സ്ത്രീകള്‍ പൊലീസിനെ സമീപിച്ചിട്ടും സഹായിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്ന് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. പൊലീസ് വാഹനത്തിന് മുന്‍പിലെത്തിയ സ്ത്രീകള്‍ സഹായിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വാഹനത്തിന്റെ താക്കോല്‍ കൈയ്യിലില്ലെന്ന്് പൊലീസ് മറുപടി നല്‍കിയതായി കുറ്റപത്രത്തില്‍ വ്യക്തമാക്കി.

പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം ഏഴ് പേരെ പ്രതിചേര്‍ത്താണ് സിബിഐ കുറ്റപത്രം. ഗുവാഹട്ടിലെ പ്രത്യേക കോടതിയില്‍ ഒക്ടോബറിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നഗ്നരാക്കി ആക്രമിക്കപ്പെടും മുന്‍പ് രണ്ട് സ്ത്രീകളും പൊലീസ് വാഹനത്തില്‍ ഓടിക്കയറിയെന്നും സംഭവസമയത്ത് ഏഴോളം പൊലീസുകാര്‍ വാഹനത്തിന് സമീപം ഉണ്ടായിരുന്നതായും കുറ്റപത്രത്തില്‍ വിശദമാക്കി. വാഹനം അക്രമികള്‍ക്ക് സമീപം നിര്‍ത്തി പൊലീസ് സംഭവസ്ഥലത്ത് നിന്ന് പോയതായും സിബിഐ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് പ്രതികള്‍ സ്ത്രീകളെ വിവസ്ത്രരാക്കുകയായിരുന്നു. 

നഗ്നരാക്കി നടത്തിച്ച ശേഷം സ്ത്രീകള്‍ ലൈംഗികപീഡനത്തിനിരയായതായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഇരകളിലൊരാളുടെ പിതാവിനെ മര്‍ദിക്കുന്നത് പൊലീസ് തടഞ്ഞില്ലെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ കഴിഞ്ഞ മേയിലാണ് രണ്ട് കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവം ഉണ്ടാകുന്നത്. സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമത്തിന്റെ വീഡിയോ ജൂലൈയില്‍ പുറത്തുവന്നതോടെ രാജ്യത്താകെ പ്രതിഷേധം ശക്തമായിരുന്നു. കൂട്ടബലാത്സംഗം, കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഏഴ് പേരുടെ പേരില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.


#Daily
Leave a comment