
എമ്പുരാന്‍ സംവിധായകന്‍ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്
രാഷ്ട്രീയ വിമര്‍ശന സിനിമയായ എമ്പുരാന്റെ സംവിധായകനായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു.
പൃഥ്വിരാജ് സഹനിര്‍മ്മാതാവായതും അഭിനയിച്ചതുമായി മൂന്ന് ചിത്രങ്ങളുടെ പേരിലാണ് നോട്ടീസ്. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളില്‍ നിന്നും ലഭിച്ച പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ കൈമാറാനാണ് ആദായ നികുതിയ വകുപ്പ് പൃഥ്വിരാജിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ സിനിമയില്‍ അഭിനയിച്ചതിന് അദ്ദേഹം പ്രതിഫലം വാങ്ങിയിരുന്നില്ല. എന്നാല്‍, 40 കോടിയോളം രൂപ സഹനിര്‍മ്മാതാവെന്ന നിലയില്‍ ലഭിച്ചിരുന്നുവെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നുമാണ് നോട്ടീസിലെ ആവശ്യം.
നിര്‍മ്മാണ കമ്പനിയുടെ പേരില്‍ പണം വാങ്ങിയതിന്റെ പേരിലാണ് നോട്ടീസ് നല്‍കിയത്. ഇത് സ്വാഭാവിക നടപടി മാത്രമാണെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം.
സിനിമയിലെ പ്രതിഫലവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന് 2022 ഡിസംബറില്‍ ആദായ നികുതി വകുപ്പ് പൃഥ്വിരാജിനോട് ആവശ്യപ്പെട്ടിരുന്നു. ആ നടപടിക്രമങ്ങള്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കുന്നുവെന്നും എമ്പുരാന്‍ വിവാദവുമായി ബന്ധമില്ലെന്നും ആദായനികുതി വകുപ്പ് വിശദീകരിക്കുന്നതായി മനോരമഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2022ല്‍ ആന്റണി പെരുമ്പാവൂരിന്റേയും ലിസ്റ്റിന്‍ സ്റ്റീഫന്റേയും ഓഫീസുകളില്‍ പരിശോധന നടത്തിയിരുന്നു. ആന്റണി പെരുമ്പാവൂര്‍ എമ്പുരാന്റേയും സഹനിര്‍മ്മാതാവാണ്.
2022ല്‍ രജിസ്റ്റര്‍ ചെയ്ത വിദേശ നാണ്യ ചട്ടലംഘന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എമ്പുരാന്റെ സഹനിര്‍മ്മാതാവായ ഗോകുലം ഗോപാലന്റെ ഓഫീസുകളില്‍ ഇന്നലെ ആരംഭിച്ച റെയ്ഡുകള്‍ ഇന്ന് പൂര്‍ത്തിയായി. ഗോപാലനെ ഏഴര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
എമ്പുരാന്‍ സിനിമയില്‍ ഗുജറാത്ത് കലാപം വിഷയമാക്കിയതിനെ തുടര്‍ന്ന് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് നായകനായ മോഹന്‍ ലാല്‍ സിനിമ തന്റെ പ്രിയപ്പെട്ടവര്‍ക്ക് വിഷമം ഉണ്ടാക്കിയതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് പറഞ്ഞിരുന്നു. സിനിമയുടെ തിരക്കഥാകൃത്തായ മുരളി ഗോപി ഇതുവരേയും സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. സിനിമ പുനര്‍എഡിറ്റിങ് നടത്തി വീണ്ടും റിലീസ് ചെയ്തിരുന്നു. യഥാര്‍ത്ഥ സിനിമയില്‍ നിന്നും സംഘപരിവാര്‍ വിമര്‍ശനം ഉയര്‍ത്തിയ 28 ഓളം ഭാഗങ്ങള്‍ വെട്ടിമാറ്റിയാണ് വീണ്ടും തിയേറ്ററിലെത്തിച്ചത്.