PHOTO: WIKI COMMONS
കോണ്‍ഗ്രസിന് 1,700 കോടിയുടെ നോട്ടീസ് നല്‍കി ആദായനികുതി വകുപ്പ്, സാമ്പത്തികമായി ഞെരുക്കാനെന്ന് പാര്‍ട്ടി
കോണ്‍ഗ്രസിന് 1,700 കോടിയുടെ നോട്ടീസ് അയച്ച് ആദായനികുതി വകുപ്പ്. 2017-18 മുതല്‍ 2020-21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയും ചേര്‍ത്താണ് നോട്ടീസ്. ഇക്കാലയളവിലെ നികുതി പുനര്‍നിര്‍ണയിക്കാനുള്ള ആദായനികുതി വകുപ്പിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി വ്യാഴാഴ്ച തള്ളിയതിന് പിന്നാലെയാണ് പുതിയ നോട്ടീസ് പാര്‍ട്ടിക്ക് നല്‍കിയിരിക്കുന്നത്. ആദായനികുതി വകുപ്പിന്റെ നടപടിയില്‍ സ്റ്റേ ആവശ്യപ്പെട്ട് കേസ് വാദിച്ച അഭിഭാഷകനും എംപിയുമായ വിവേക് തന്‍ഖയാണ് നോട്ടീസ് നല്‍കിയ കാര്യം സ്ഥിരീകരിച്ചത്. 2014-15 മുതല്‍ 2016-17 വരെയുള്ള പുനര്‍നിര്‍ണയം ചോദ്യം ചെയ്യുന്ന ഹര്‍ജി കോടതി നേരത്തെ തള്ളിയിരുന്നു.
നടപടി ജനാധിപത്യവിരുദ്ധമെന്ന് കോണ്‍ഗ്രസ്
അനുബന്ധ രേഖകള്‍ ഒന്നും നല്‍കാതെ നോട്ടീസ് കൈമാറിയ ആദായനികുതി വകുപ്പിന്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നോട്ടീസിനെ നിയമപരമായി നേരിടുമെന്നാണ് പാര്‍ട്ടിയുടെ പ്രതികരണം. പുനര്‍മൂല്യനിര്‍ണയത്തിനുള്ള കാരണങ്ങള്‍ നല്‍കുന്നതിന് പകരം പണമടയ്ക്കാനുള്ള നോട്ടീസാണ് കൈമാറിയത്. ഇത് പാര്‍ട്ടിയെ സാമ്പത്തികമായി ഞെരുക്കാനുള്ള നീക്കമാണെന്നും അഭിഭാഷകന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഗൂഢനീക്കം
2018-19 സാമ്പത്തിക വര്‍ഷത്തെ നികുതി കുടിശ്ശിക, പലിശ എന്നിവ ഉള്‍പ്പെട്ട 135 കോടി രൂപ ഡല്‍ഹിയിലെ കോണ്‍ഗ്രസ് ബാങ്ക് അക്കൗണ്ടില്‍ നിന്നും ആദായ നികുതി വകുപ്പ് നേരത്തെ പിടിച്ചെടുത്തിരുന്നു. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് മരവിപ്പിച്ച് തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ സാമ്പത്തിക പ്രതിസന്ധിയിലാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആരോപിച്ചിരുന്നു. അക്കൗണ്ടുകള്‍ മരവിപ്പിച്ചത് തെരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചിട്ടുണ്ട്.