TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE: PTI

TMJ Daily

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വർധന

23 Jun 2023   |   2 min Read
TMJ News Desk

സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണത്തിൽ വ്യാപക വർധന. വെള്ളിയാഴ്ച പകർച്ചപ്പനി ബാധിച്ച് രണ്ട് പേർ മരിച്ചു. ഈ മാസം ഇതുവരെ 38 പേരാണ് മരിച്ചത്. സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം മൂവായിരത്തിന് മുകളിലായി. കഴിഞ്ഞ പത്ത് ദിവസത്തിനിടെ രോഗബാധിതരുടെ എണ്ണം ഇരട്ടിയായി. ജൂൺ ഒന്ന് മുതൽ 20 വരെയുള്ള ദിവസങ്ങളിൽ ഒന്നേമുക്കാൽ ലക്ഷം പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയതെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. പനി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാന തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ  ആരോഗ്യ വകുപ്പ് നിർദേശം നല്കി.

നിർദേശങ്ങൾ നല്കി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചു. ഡെങ്കിപ്പനി മുൻകരുതലുകൾ എടുക്കണം, എറണാകുളം, തിരുവനന്തപുരം ഉൾപ്പടെയുള്ള ജില്ലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.

ഇതുകൂടാതെ, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളും ആരോഗ്യ ജാഗ്രതാ കലണ്ടർ പ്രകാരമുള്ള ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളും നടന്നു വരുന്നതായും മന്ത്രി അറിയിച്ചു. കൊതുക് നശീകരണ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകണം. വീടിന്റെ പുറത്തും അകത്തും ചെറുതും വലുതുമായ ഇടങ്ങളിൽ വെള്ളം കെട്ടി നിൽക്കാതെ നോക്കണം. അലക്ഷ്യമായി വലിച്ചെറിയുന്ന പ്‌ളാസ്റ്റിക്, ചിരട്ട മുതലായവയിൽ വെള്ളം കെട്ടി നിന്ന് കൊതുക് വളരാം. വീടിനകത്തെ ചെടികൾ വെക്കുന്ന ട്രേ കൊതുകിന്റെ ഉറവിടം ആവാറുണ്ട്. അതിനാൽ ചെടിച്ചട്ടികളിലേയും ഫ്രിഡ്ജിലേയും ട്രേയിലെ വെള്ളം ആഴ്ചതോറും മാറ്റാനും മന്ത്രി നിർദ്ദേശം നൽകി. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ, ആശുപത്രികൾ, ഹോസ്റ്റലുകൾ കൃത്യമായി ശുചീകരിക്കണം. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളും പ്രത്യേകം ശ്രദ്ധിക്കണം. പനി ബാധിച്ചാൽ സ്വയം ചികിൽസ പാടില്ല. നീണ്ടുനിൽക്കുന്ന പനി ശ്രദ്ധിക്കണം. പനി ബാധിച്ചാൽ മറ്റു പകർച്ചപ്പനികൾ അല്ലെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി അറിയിച്ചു.

ആശുപത്രികളിൽ മതിയായ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ ഉണ്ടായിരിക്കണമെന്നും മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ എല്ലാ ആശുപത്രികളും മരുന്നിന്റേയും സുരക്ഷാ ഉപകരണങ്ങളുടേയും ടെസ്റ്റ് കിറ്റുകളുടേയും ലഭ്യത ഉറപ്പാക്കണമെന്നും ഡോക്‌സിസൈക്ലിൻ, ഒ.ആർ.എസ്. എന്നിവ അധികമായി കരുതണമെന്നും മന്ത്രി നിർദ്ദേശം നൽകി. മരുന്ന് സ്റ്റോക്ക് ഇടയ്ക്കിടയ്ക്ക് വിലയിരുത്തി മുൻകൂട്ടി ബന്ധപ്പെട്ടവരെ അറിയിച്ച് മരുന്ന് ലഭ്യത ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.

വരുന്ന ആഴ്ചകളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങൾ ഡ്രൈ ഡേ ആയി ആചരിക്കണം. വെള്ളിയാഴ്ച സ്‌കൂളുകൾ, ശനിയാഴ്ച ഓഫീസുകൾ, ഞായറാഴ്ച വീടുകൾ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. വിടും പരിസരങ്ങളും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സംഘടനകളുടേയും പിന്തുണയുമുണ്ടാകണം.

വളരെപ്പെട്ടെന്ന് ഗുരുതരമാകുന്ന രോഗമാണ് എലിപ്പനി. അതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. മണ്ണ്, ചെളി, മലിനജലം എന്നിവയുമായി ഇടപെടുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കേണ്ടതാണ്. എല്ലാ സർക്കാർ ആശുപത്രികളിൽ നിന്നും ഡോക്സിസൈക്ലിൻ സൗജന്യമായി ലഭ്യമാണ്. സർക്കാരിന്റെ ഏകോപിതമായ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.

സ്വയം ചികിത്സ വേണ്ടെന്ന് ഐഎംഎ

രാജ്യത്ത് ചുമയോട് കൂടിയ പനി പടരുന്ന സാഹചര്യത്തിൽ രോഗത്തെ പ്രതിരോധിക്കുന്നതിനായി ഡോക്ടറുടെ നിർദേശമില്ലാതെ ആന്റിബയോട്ടിക്കുകൾ കഴിക്കരുതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുന്നറിയിപ്പ് നല്കി. ഇത് ശരീരത്തെ വിപരീതമായി ബാധിക്കുമെന്നും ഐഎംഎയുടെ പ്രസ്താവനയിൽ പറയുന്നു. കാലാവസ്ഥയ്ക്കനുസരിച്ച് വരുന്ന ജലദോഷം, ചുമ, പനി, ശരീരവേദന, ശർദ്ദി, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങൾ ചികിത്സിക്കുന്നതിനായി ആളുകൾ സ്വയം ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് കൂട്ടിയതോടെയാണ് നിർദേശം. അളവനുസരിച്ചല്ലാതെ പലപ്പോഴായി ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് ശരിയായ സന്ദർഭങ്ങളിൽ ആന്റിബയോട്ടിക് ശരീരത്തിൽ പ്രവർത്തിക്കാതിരിക്കുന്നതിന് കാരണമാകുമെന്നാണ് മുന്നറിയിപ്പ്.

അസിത്രോമൈസിൻ പോലുള്ള ആന്റിബയോട്ടിക്കുകൾ ഒന്നും ശ്രദ്ധിക്കാതെ പലപ്പോഴായി കഴിക്കുന്നുണ്ട്. ആശ്വാസം തോന്നുമ്പോൾ അത് നിർത്തുകയും ചെയ്യുന്നു. ആന്റിബയോട്ടിക് മരുന്നുകൾ ശരീരത്തെ പ്രതിരോധത്തിലേയ്ക്ക് നയിക്കുന്നതിനാൽ ഇത് നിർത്തേണ്ടത് അനിവാര്യമാണ്. പിന്നീട് ആന്റിബയോട്ടിക്കുകളുടെ ശരിയായ ഉപയോഗം ആവശ്യം വരുമ്പോൾ, പ്രതിരോധം കാരണം ഇവ ശരീരത്തിൽ പ്രവർത്തിക്കില്ലെന്നും ഐഎംഎയുടെ പ്രസ്താവനയിൽ പറയുന്നു. ജലദോഷം, ചുമ തുടങ്ങിയവയ്ക്ക് രോഗലക്ഷണങ്ങളെ ചികിത്സിക്കുന്നതിനുള്ള മരുന്നുകൾ കഴിക്കുകയാണ് വേണ്ടതെന്നും ഐഎംഎ നിർദേശിക്കുന്നുണ്ട്. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ പ്രസ്താവന പ്രകാരം, എച്ച്3എൻ2 ഇൻഫ്ളുവൻസ വൈറസ് ബാധിച്ചവർക്ക് മൂന്ന് ദിവസം കൊണ്ട് മാറുന്ന പനിയോടൊപ്പം മൂന്നാഴ്ചയോളം നീണ്ടു നിൽക്കുന്ന ചുമ അനുഭവപ്പെടുമെന്ന് പറയുന്നുണ്ട്. അതിനാൽ ആന്റിബയോട്ടിക് മരുന്നുകൾ കഴിക്കുന്നതിന് മുമ്പ് അണുബാധ ബാക്ടീരിയ കാരണമാണോ അല്ലയോ എന്ന് നിർണയിക്കണമെന്നും മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കി.


#Daily
Leave a comment