TMJ
searchnav-menu
post-thumbnail

TMJ Daily

ശക്തിയേറിയ പാസ്‌പോര്‍ട്ടുകളുടെ സൂചിക: ഇന്ത്യയ്ക്ക് 85-ാം സ്ഥാനം

10 Jan 2025   |   1 min Read
TMJ News Desk

ലോകത്തിലെ ശക്തിയേറിയ പാസ്‌പോര്‍ട്ടുകളുടെ സൂചികയായ ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം പിന്നോട്ട്. 2025-ലെ സൂചികയില്‍ ഇന്ത്യയ്ക്ക് 85-ാം സ്ഥാനം ലഭിച്ചു. കഴിഞ്ഞ വര്‍ഷം 80-ാം സ്ഥാനത്തായിരുന്നു. 199 രാജ്യങ്ങളാണ് സൂചികയിലുള്ളത്.

പൗരത്വ, വാസസ്ഥല കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഹെന്‍ലി ആന്‍ഡ് പാര്‍ട്ട്‌ണേഴ്‌സ് ആണ് ഈ സൂചിക പ്രസിദ്ധീകരിക്കുന്നത്. ഈ സൂചിക ഒരു രാജ്യത്തിന്റെ പാസ്‌പോര്‍ട്ട് ഉടമയ്ക്ക് ഒരു പ്രീ-ഡിപ്പാര്‍ച്ചര്‍ വിസ ഇല്ലാതെ എത്ര രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം എന്നുള്ളതിനെ അടിസ്ഥാനമാക്കി പാസ്‌പോര്‍ട്ടുകളുടെ ശക്തി കണക്കാക്കുന്നു.

2006-നും 2025-നും ഇടയില്‍ ഇന്ത്യയുടെ ഏറ്റവും മോശം റാങ്ക് 2021-ലെ 90 ആണ്. മികച്ച റാങ്ക് 2006-ലെ 71 ആണ്. 2021-ന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും മോശം സ്ഥാനമാണ് ഈ വര്‍ഷത്തിലേത്.

ഏറ്റവും പുതിയ സൂചിക അനുസരിച്ച് 57 രാജ്യങ്ങളിലേക്ക് ഇന്ത്യാക്കാര്‍ക്ക് വിസ ഇല്ലാതെ സഞ്ചരിക്കാം. മുന്‍വര്‍ഷം, ഇന്ത്യാക്കാര്‍ക്ക് 62 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ സഞ്ചരിക്കാമായിരുന്നു.

2025-ലെ സൂചികയില്‍ ഇന്ത്യ ഇക്വിറ്റോറിയല്‍ ഗിനിയക്കും നൈജറിനും ഒപ്പമാണ് 85-ാം സ്ഥാനത്തുള്ളത്. പാകിസ്ഥാന്‍ 103-ാമത് ആണ്. 2024-ല്‍ 101-ാം സ്ഥാനം. ബംഗ്ലാദേശ് 97-ല്‍ നിന്നും 100 ആയി.

സൂചികയിലെ ഒന്നാം സ്ഥാനം സിങ്കപ്പൂരിനാണ്. ഈ തെക്കുകിഴക്കനേഷ്യന്‍ രാജ്യത്തിന് മുന്‍കൂര്‍ വിസ ഇല്ലാതെ 195 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം. രണ്ടാം സ്ഥാനത്ത് ജപ്പാന്‍. ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ട് അഫ്ഗാനിസ്ഥാന്റേതാണ്. 106-ാം സ്ഥാനം. അഫ്ഗാനികള്‍ക്ക് 26 രാജ്യങ്ങളിലേക്ക് മാത്രമേ വിസ ഇല്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളൂ.





#Daily
Leave a comment