TMJ
searchnav-menu
post-thumbnail

TMJ Daily

സംയുക്ത പ്രസ്താവനയിൽ നിന്നും ഇന്ത്യ വിട്ടുനിന്നു

26 Jun 2025   |   1 min Read
TMJ News Desk

ചൈനയിലെ ക്വിങ്‌ദാവോയിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയിലെ (എസ്‌സി‌ഒ) അംഗ രാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ, ഭീകരവാദം, പ്രാദേശിക സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാടിന് യോജിക്കാത്ത സംയുക്ത പ്രസ്താവനയിൽ ഒപ്പിടാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വിസമ്മതിച്ചു.

ഇക്കാര്യത്തിൽ ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണത്തിനോടും, അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ  വിട്ടു വീഴ്ചയില്ലാത്ത നിലപാടും ഉറപ്പിക്കുന്നതായിരുന്നു ഇന്ത്യയുടെ സമീപനം.  ഈ വിഷയങ്ങളിൽ ഇന്ത്യയുടെ സമീപനത്തെ മയപ്പെടുത്തുന്നതായിരിന്നു സംയുക്ത പ്രസ്താവന. ഭീകരവാദ വിഷയത്തിൽ സംയുക്ത പ്രസ്താവന പുറപ്പെടുവിക്കേണ്ടതില്ലെന്ന് പിന്നീട് ബ്ലോക്ക് തീരുമാനിച്ചു.

ചൈന, റഷ്യ, പാകിസ്താൻ, ഇന്ത്യ എന്നിവയുൾപ്പെടെ സംഘടനയുടെ പത്ത് അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ നേതാക്കളെ എസ്‌സി‌ഒ ഉച്ചകോടി ഒരുമിച്ച് കൊണ്ടുവന്നു. പ്രാദേശിക സമാധാനവും, സുരക്ഷയും, ഭീകരവാദ വിരുദ്ധ സഹകരണവും, സൈനിക സഹകരണം വർദ്ധിപ്പിക്കലുമായിരിന്നു യോഗത്തിലെ  പ്രധാന അജണ്ടകൾ.

യോഗത്തിൽ, ഭീകരവാദത്തെ രാജ്യത്തിന്റെ നയതന്ത്ര ഉപകരണമായി ഉപയോഗിക്കുന്നതിനെ രാജ്‌നാഥ് സിംഗ് അപലപിച്ചു, പാകിസ്താനെ നേരിട്ട് പേരെടുത്തു പറയാതെ ആയിരുന്നു പരാമർശം.  പഹൽഗാം ആക്രമണം പോലുള്ള സമീപകാല ഭീകര സംഭവങ്ങളെ അദ്ദേഹം എടുത്തുകാട്ടി.

ഭീകരതയെ ചെറുക്കുന്നതിൽ സഹിഷ്ണുതയോ, ഇരട്ടത്താപ്പോ പാടില്ലെന്നും ഇടുങ്ങിയ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഭീകരവാദത്തെ സ്പോൺസർ ചെയ്യുകയും, വളർത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നവർക്കെതിരെ കൂട്ടായ നടപടി സ്വീകരിക്കണമെന്നും സിംഗ് ആവശ്യപ്പെട്ടു.

"ചില രാജ്യങ്ങൾ അതിർത്തി കടന്നുള്ള ഭീകരതയെ നയത്തിന്റെ ഉപകരണമായി ഉപയോഗിക്കുകയും തീവ്രവാദികൾക്ക് അഭയം നൽകുകയും ചെയ്യുന്നു. അത്തരം ഇരട്ടത്താപ്പുകൾക്ക് സ്ഥാനമില്ല. അത്തരം രാജ്യങ്ങളെ വിമർശിക്കാൻ എസ്‌സി‌ഒ മടിക്കരുത്," സിംഗ് പ്രസ്താവനയിൽ പറഞ്ഞു.

സമാധാനത്തിനും, സമൃദ്ധിക്കും, ഭീകരതയ്‌ക്കൊപ്പം സഹവർത്തിക്കാൻ കഴിയില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. "ഏതൊരു ഭീകരപ്രവർത്തനവും കുറ്റകരവും, ന്യായീകരിക്കാനാവാത്തതുമാണ്. ആരു ആരാൽ ചെയ്താലും. എസ്‌സി‌ഒ അംഗങ്ങൾ ഈ തിന്മയെ നിസ്സംശയമായും അപലപിക്കണം. അതിർത്തി കടന്നുള്ള ഭീകരത ഉൾപ്പെടെയുള്ള നിന്ദ്യമായ ഭീകരപ്രവർത്തനങ്ങൾക്ക് ഉത്തരവാദികളായ കുറ്റവാളികൾ, സംഘാടകർ, ധനസഹായം നൽകുന്നവർ, സ്‌പോൺസർമാർ എന്നിവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത ഞങ്ങൾ ആവർത്തിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

2023ലെ എസ്‌സി‌ഒ ഉച്ചകോടിയിൽ ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിനെ പിന്തുണയ്ക്കുന്ന ഖണ്ഡികകൾ അംഗീകരിക്കാൻ ഇന്ത്യ വിസമ്മതിക്കുകയും ചൈനയുടെ നിർദ്ദിഷ്ട ബ്രിക്‌സ് കറൻസി ബാസ്‌ക്കറ്റ് പദ്ധതിയെ എതിർക്കുകയും ചെയ്തിരുന്നു.





#Daily
Leave a comment