TMJ
searchnav-menu
post-thumbnail

ശുഭ്മാന്‍ ഗില്‍ | PHOTO: TWITTER

TMJ Daily

ഇന്ത്യ-അഫ്ഗാന്‍ മത്സരം, ടോപ് ഓര്‍ഡര്‍ വീണ്ടും നിരാശപ്പെടുത്തുമോ?

11 Oct 2023   |   1 min Read
TMJ News Desk

ന്യൂ ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഇന്ത്യ ഇന്ന് ലോകകപ്പിലെ രണ്ടാം മത്സരത്തിനിറങ്ങും. ആദ്യ മത്സരത്തിലെ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന് ഇന്ത്യ തയ്യാറെടുക്കുന്നത്, എങ്കിലും ടീമിലെ പ്രധാന താരവും സ്റ്റാര്‍ ഓപ്പണറുമായ ശുഭ്മാന്‍ ഗില്‍ ഇല്ലാത്തത് ഇന്ത്യന്‍ ടീമിന് നിരാശയാണ്. ടൂര്‍ണ്ണമെന്റില്‍ താരതമ്യേന കുഞ്ഞന്‍മാരായ അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിന്റെ റിസള്‍ട്ടിനെയൊന്നും ഗില്ലിന്റെ അസാന്നിധ്യം ബാധിക്കില്ല. എങ്കിലും ഓസ്ട്രേലിയയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിലെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ പ്രകടനം ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചിരുന്നു. ഡെങ്കിപ്പനി ബാധിച്ച ശുഭ്മാന്‍ ഗില്‍ ആശുപത്രി വിട്ടെങ്കിലും താരത്തിന് പൂര്‍ണ്ണമായും ഫിറ്റ്നസ് വീണ്ടെടുക്കാന്‍ പറ്റിയിട്ടില്ല. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന് പുറമേ 14 ന് നടക്കാനിരിക്കുന്ന പാകിസ്ഥാനെതിരായ മത്സരത്തിലും ഗില്‍ കളിച്ചേക്കില്ല.

ഗില്‍ ഇല്ലാതെ കളിച്ച ആദ്യ മത്സരം

ശുഭ്മാന്‍ ഗില്ലിന്റെ അസാന്നിധ്യത്തില്‍ ഇഷാന്‍ കിഷനായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശര്‍മ്മയോടൊപ്പം ആദ്യ മത്സരത്തില്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ടീമിന് മികച്ച തുടക്കം നല്‍കാന്‍ കിഷന് ആയില്ല. ഒരു മോശം ഷോട്ടിലൂടെ കിഷന്‍ ഒരു റണ്‍ പോലും എടുക്കാതെ ഔട്ടാവുകയായിരുന്നു. നാലാമതായി ബാറ്റ് ചെയ്യാനിറങ്ങിയ ശ്രേയസ് അയ്യറും ഒരു അനാവശ്യ ഷോട്ടിലൂടെ പുറത്തായിരുന്നു. അനാവശ്യ ഷോട്ടിലൂടെ അല്ലെങ്കില്‍ കൂടിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പൂജ്യം റണ്ണെടുത്ത് പുറത്തായത് ഇന്ത്യന്‍ ആരാധകരെ നിരാശരാക്കിയിരുന്നു. മൂന്നാമനായി ഇറങ്ങിയ വിരാട് കോഹ്ലിയുടേയും അഞ്ചാമനായി ഇറങ്ങിയ കെ.എല്‍ രാഹുലിന്റെയും കരുതലോടെയുള്ള പ്രകടനമാണ് ഇന്ത്യയ്ക്ക് അന്ന് വിജയം സമ്മാനിച്ചത്. മൂന്ന് വിക്കറ്റുകള്‍ ആദ്യത്തെ രണ്ട് ഓവറുകളിലായി തുടരെ വീണെങ്കിലും കോഹ്ലിയും രാഹുലും കൂടി ചേര്‍ന്ന് ഉയര്‍ത്തിയ പാര്‍ട്ണര്‍ഷിപ്പ് ഇന്ത്യയെ വിജയിപ്പിക്കുകയായിരുന്നു.


#Daily
Leave a comment