
ഇന്ത്യ സഖ്യം കൃത്യമായ സംവിധാനമായി മാറണം: സിപിഐഎം ജനറല്‍ സെക്രട്ടറി
ലോകസഭാ തിരഞ്ഞെടുപ്പിനുശേഷം ഇന്ത്യാ സഖ്യത്തിന്റെ യോഗം ചേര്‍ന്നിട്ടില്ലെന്നും അത് കൃത്യമായ സംവിധാനമായി മാറേണ്ടതുണ്ടെന്നും സിപിഐഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു. കോണ്‍ഗ്രസിലെ ജയറാം രമേശിനെ പോലെയുള്ള നേതാക്കളുടെ അഭിപ്രായമാണ് ബേബിയും പങ്കുവയ്ക്കുന്നത്.
ഇടതുപാര്‍ട്ടികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമാണെന്ന് അദ്ദേഹം മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. മധുരയില്‍ നടന്ന 24ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങില്‍ സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക്, സിപിഐ(എംഎല്‍) തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കളെ ക്ഷണിച്ചത് അതിന്റെ ഭാഗമായിട്ടാണെന്നും ബേബി പറഞ്ഞു.
ദേശീയ തലത്തില്‍ ബിജെപിക്കെതിരെ രാഷ്ട്രീയ ഐക്യം വളര്‍ത്തിയെടുക്കുമെന്നും ഇതിനായി വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിച്ചു തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നവഫാസിസത്തിന്റെ വക്താക്കളായ കേന്ദ്ര സര്‍ക്കാരിന്റേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അമിതാധികാര പ്രയോഗമാണെന്ന് ബേബി അഭിപ്രായപ്പെട്ടു. രാഷ്ട്രീയേതര നേതാക്കള്‍ മുതല്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ വരെ ആക്രമണം നേരിടുന്നുവെന്നും ഇതിനെതിരായ ശക്തമായ പോരാട്ടം സിപിഐഎം ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയുടെ സ്വതന്ത്ര ശക്തി വര്‍ദ്ധിപ്പിക്കാനുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അതിനായി പ്രാദേശിക തലത്തില്‍ വിവിധ വിഷയങ്ങള്‍ സിപിഐഎം ഏറ്റെടുക്കുമെന്നും ബേബി പറഞ്ഞു.
പാര്‍ട്ടിയുടെ ശക്തിയില്‍ കുറവുണ്ടായിയെന്നത് സത്യമാണെന്നും അത് പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തുവെന്നും ആ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബ്രാഞ്ച് കമ്മിറ്റികള്‍ മുതല്‍ പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും സജീവമാക്കി ആ പ്രതിസന്ധി മറികടക്കുമെന്ന് ബേബി ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാര്‍ട്ടിയുടെ ഒമ്പതിനായിരത്തോളം വരുന്ന ബ്രാഞ്ച് കമ്മിറ്റികളും മറ്റ് കമ്മിറ്റികളും ഒരേ പോലെ സജീവമാകണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സിപിഐഎമ്മിന്റെ ഇടപടല്‍ ശേഷി വര്‍ദ്ധിപ്പിക്കുകയാണ് ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.