
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാൻ ഇന്ത്യ സഖ്യം
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനൊരുങ്ങി ഇന്ത്യ സഖ്യം. തിങ്കളാഴ്ച രാവിലെ ചേര്‍ന്ന പ്രതിപക്ഷ കക്ഷിയോഗത്തിലാണ് തീരുമാനം. എന്നാല്‍ ഇംപീച്ച്‌മെന്റിനായി ലോക്‌സഭയിലും രാജ്യസഭയിലും പ്രമേയം ഭൂരിപക്ഷത്തോടെ പാസാകണം.
എന്നാൽ വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്‌ഐആര്‍) മുന്നോട്ട് പോകുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്നലെ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഏഴ് ദിവസത്തിനകം സത്യവാങ്മൂലം ലഭിച്ചില്ലെങ്കിൽ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും രാഹുൽ മാപ്പ് പറയണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ കൂട്ടിച്ചേർത്തു.
അതേസമയം, ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണത്തിനെതിരായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ 16 ദിവസം നീണ്ടുനിൽക്കുന്ന 'വോട്ടർ അധികാർ യാത്ര' ഞായറാഴ്ച ബീഹാറിലെ സസാറാമിൽ നിന്ന് ആരംഭിച്ചു.
ആർഎസ്എസും ബിജെപിയും ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ഭരണഘടനയെ രക്ഷിക്കാനുള്ള യുദ്ധമാണ് നടക്കുന്നതെന്നും വോട്ടർ അധികാർ യാത്ര ഉദ്ഘാടന വേളയിൽ രാഹുൽ ഗാന്ധി പറഞ്ഞു.
16 ദിവസം നീളുന്ന യാത്ര 4 ജില്ലകളും 60 നിയമസഭ മണ്ഡലങ്ങളും പിന്നിട്ട് സെപ്‌റ്റംബർ ഒന്നിന് പട്നയിലെ ഗാന്ധി മൈതാനിയിൽ സമാപിക്കും. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 65 ലക്ഷത്തോളം വോട്ടർമാരെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.


