
കാനഡയിലെ തിരഞ്ഞെടുപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഇടപെടുമെന്ന് ചാരസംഘടന
കാനഡയുടെ പൊതുതിരഞ്ഞെടുപ്പില്‍ ഇന്ത്യ, ചൈന, റഷ്യ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ഇടപെടാന്‍ ശ്രമിക്കുമെന്ന് രാജ്യത്തെ സുരക്ഷാ ഇന്റലിജന്‍സ് ഏജന്‍സി പറഞ്ഞു. ഏപ്രില്‍ 28നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഇന്ത്യാ ഗവണ്‍മെന്റിന് അതിന്റെ ഭൗമരാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാന്‍ കാനഡയിലെ സമൂഹത്തിലും ജനാധിപത്യ പ്രക്രിയയിലും ഇടപെടാനുള്ള താല്‍പര്യവും ശേഷിയും ഉണ്ടെന്ന് ചാര സംഘടനയുടെ ഡെപ്യൂട്ടി ഡയറക്ടറായ വനേസ്സ ലോയ്ഡ് പറഞ്ഞു.
കാനഡയിലുള്ള പ്രോക്‌സികളിലൂടെയും തങ്ങളുടെ ശൃംഖലയിലെ ബന്ധനങ്ങളിലൂടെയും ഇന്ത്യ ഇടപെടുന്നത് വര്‍ദ്ധിക്കുന്നുവെന്ന് വനേസ്സ പറഞ്ഞു.
എന്നാല്‍ ഈ ആരോപണങ്ങള്‍ക്കെതിരെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചില്ല.
വാന്‍കൂവറില്‍ വച്ച് ഖാലിസ്ഥാന്‍വാദിയായ ഹര്‍പ്രീത് സിങ് നിജ്ജര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് 2023 സെപ്തംബറില്‍ അന്നത്തെ പ്രധാനമന്ത്രിയായ ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ഇതിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
ചൈന കാനഡയിലെ ജനാധിപത്യ സ്ഥാപനങ്ങളേയും പൗര സമൂഹങ്ങളേയും തങ്ങളുടെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ക്കായി തുടര്‍ന്നും ലക്ഷ്യമിടുമെന്നും വനേസ്സ പറഞ്ഞു.


