
3 പാക് വ്യോമ കേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചു
പാക് പ്രകോപനങ്ങള്‍ക്ക് തിരിച്ചടിയായി പാകിസ്താന്റെ മൂന്ന് വ്യോമകേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചു. ഇന്ത്യയുടെ മിസൈലുകളും ഡ്രോണുകളും കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുവെന്ന് പാകിസ്താന്‍ സ്ഥിരീകരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഇതേതുടര്‍ന്ന് ഇന്ന് വൈകുന്നേരം നാല് മണിവരെ ഈ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.
നുര്‍ഖാന്‍, മുറിദ്, റഫിഖി എന്നി വ്യോമ കേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചുവെന്ന് ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് വാര്‍ത്താ സമ്മേളനം നടത്തിയ പാക് സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറല്‍ ഷറീഫ് ചൗധരി അറിയിച്ചു. ഇന്ത്യ യുദ്ധവിമാനങ്ങളില്‍ നിന്നും മിസൈലുകള്‍ അയച്ചുവെന്നും എന്നാല്‍, വ്യോമസേനയുടെ ആസ്തികള്‍ സുരക്ഷിതമാണെന്നും ചൗധരി പറഞ്ഞു. പാകിസ്താന്‍ തിരിച്ചാക്രമണം നടത്തിയെന്ന് സര്‍ക്കാരിന്റെ പിടിവി റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് രാവിലെ ശ്രീനഗറില്‍ ആക്രമണത്തിനെത്തിയ പാക് യുദ്ധവിമാനങ്ങളെ ഇന്ത്യന്‍ സൈന്യം തുരത്തി. ഇന്ന് രാവിലെയാണ് സംഭവം. ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയും ഇന്ത്യയുടെ അതിര്‍ത്തി ജില്ലകളില്‍ പലതവണ ഡ്രോണ്‍ ആക്രമണം നടത്തിയശേഷമാണ് യുദ്ധവിമാനങ്ങള്‍ എത്തിയത്. അവയെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പ്രതിരോധിച്ചു.
ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ഖാസ കന്റോണ്‍മെന്റ്, അമൃത്സര്‍ എന്നിവിടങ്ങളില്‍ ആക്രമണം നടത്താനെത്തിയ ഡ്രോണുകളെ ഇന്ത്യ തകര്‍ത്തുവെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു.
ഇന്നലെ രാത്രിയില്‍ പാകിസ്താന്‍ ഇന്ത്യയിലെ 26 ഇടങ്ങളില്‍ ഡ്രോണാക്രമണങ്ങള്‍ നടത്തി. ജമ്മുകശ്മീര്‍ മുതല്‍ ഗുജറാത്ത് വരെയുള്ള പ്രദേശങ്ങളെ തുടര്‍ച്ചയായി രണ്ടാം ദിനവും ലക്ഷ്യമിട്ടു. വിമാനത്താവളങ്ങളും വ്യോമകേന്ദ്രങ്ങളും അടക്കമുള്ള കേന്ദ്രങ്ങളെ പാകിസ്താന്‍ ലക്ഷ്യമിട്ടു. എന്നാല്‍ ഇന്ത്യ അവയെല്ലാം വിജയകരമായി പ്രതിരോധിച്ചു.