
പാക്കിസ്താനില്‍നിന്നുള്ള എല്ലാ ഇറക്കുമതിയും ഇന്ത്യ നിരോധിച്ചു
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദേശ സുരക്ഷാ താല്‍പര്യം മുന്‍നിര്‍ത്തി പാക്കിസ്താനില്‍നിന്നുള്ള പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ ഇറക്കുമതിയും നിരോധിച്ചു കൊണ്ട് ഇന്ത്യ ഗവണ്‍മെന്റ് ഉത്തരവിറക്കി. ഉത്തരവ് നിലവില്‍വന്നു. അതിനാല്‍, ഇന്ത്യയിലേക്കുള്ള പാക്കിസ്താനില്‍നിന്നുള്ള എല്ലാ ഷിപ്പ്‌മെന്റുകളും പൂര്‍ണമായും തടസ്സപ്പെടും.
2024 ഏപ്രില്‍ മുതല്‍ 25 ജനുവരി വരെ ഇന്ത്യ 447.65 മില്ല്യണ്‍ ഡോളറിന്റെ ചരക്കുകള്‍ പാക്കിസ്താനിലേക്ക് കയറ്റുമതി ചെയ്തിരുന്നു. എന്നാല്‍, ഇക്കാലയളവില്‍ പാക്കിസ്താനില്‍നിന്നുള്ള ഇറക്കുമതി കേവലം 0.42 മില്ല്യണ്‍ ഡോളര്‍ ആണ്.
പാകിസ്താനില്‍നിന്നും പ്രധാനമായും ഇക്കാലയളവില്‍ ഇറക്കുമതി ചെയ്തത് പഴങ്ങളും അണ്ടിപ്പരിപ്പുകളും ആണ്. കൂടാതെ, ചില എണ്ണക്കുരുക്കളും ഔഷധ സസ്യങ്ങളും ഓര്‍ഗാനിക് രാസവസ്തുക്കളും ഇറക്കുമതി ചെയ്തിട്ടുണ്ട്.
നിരോധനം ഏര്‍പ്പെടുത്തുന്നതിനായി 2023ലെ വിദേശ വ്യാപാര നയത്തില്‍ പാകിസ്താനില്‍ നിന്നുള്ള ഇറക്കുമതി നിരോധനം എന്നൊരു പുതിയ വകുപ്പ് കൂട്ടിച്ചേര്‍ത്തു. ഇന്നലെയാണ് വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറല്‍ ഉത്തരവ് ഇറക്കിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് നിരോധനം. നിരോധനത്തില്‍ ഇളവ് ലഭിക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റിന്റെ അനുമതി ആവശ്യമാണെന്നും ഉത്തരവില്‍ പറയുന്നു.


