TMJ
searchnav-menu
post-thumbnail

PHOTO: BCCI

TMJ Daily

ഓസീസ് പരീക്ഷണം മറികടന്ന് ഇന്ത്യ

09 Oct 2023   |   2 min Read
TMJ News Desk

കദിന ക്രിക്കറ്റ് ലോകകപ്പിലെ ഓസ്ട്രേലിയയ്ക്ക് എതിരായ ആദ്യ മത്സരത്തില്‍ വിരാട് കോഹ്ലിയും കെ.എല്‍ രാഹുലും രക്ഷകരായപ്പോള്‍ ഇന്ത്യയെ തേടിയെത്തിയത് ഒരു ക്ലാസ്സ് വിജയമായിരുന്നു. ഓസീസ് ഉയര്‍ത്തിയ 200 റണ്‍സ് എന്ന വിജയലക്ഷ്യം ഇന്ത്യ 42-ാം ഓവറില്‍ മറികടന്നു. നിസ്സാരമെന്ന് കരുതിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത് തുടങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തന്നെ പിഴച്ചിരുന്നു.

ഈ ലോകകപ്പിലെ ഇന്ത്യയുടെ പ്രധാന പ്രതീക്ഷയായ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ശുഭ്മാന്‍ ഗില്‍ ഇല്ലാതെയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. പകരമെത്തിയ ഇഷാന്‍ കിഷന്‍ മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ പുറത്താവുക കൂടി ചെയ്തപ്പോള്‍ ഇന്ത്യ പതറി. ഹെയ്സല്‍വുഡ് എറിഞ്ഞ രണ്ടാമത്തെ ഓവറില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ശ്രേയസ്സ് അയ്യറും പുറത്തായതോടെ ഇന്ത്യ തകര്‍ച്ചയുടെ വക്കിലേക്കെത്തിയിരുന്നു. എന്നാല്‍ ഒരു വശത്ത് പിടിച്ച് നിന്ന വിരാട് കോഹ്ലിയുടെയും പിന്നീട് വന്ന കെ.എല്‍ രാഹുലിന്റെയും പക്വതയാര്‍ന്ന ഇന്നിംഗ്സുകള്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചു. ഇരുവരുടേയും പാര്‍ട്ട്ണര്‍ഷിപ്പ് ആരംഭിച്ചത് മുതല്‍ ഓസീസ് ബൗളര്‍മാര്‍ക്ക് കളി ജയിക്കാനുള്ള ഒരവസരവും ഉണ്ടായിരുന്നില്ല. ആദ്യ ഓവറുകളില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ സ്റ്റാര്‍ക്ക്, ഹെയ്സല്‍വുഡ് എന്നിവര്‍ പിന്നീട് പരുങ്ങുകയും ചെയ്തതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ച് വരികയായിരുന്നു. 12 റണ്‍സില്‍ നില്‍ക്കുമ്പോള്‍ വിരാട് കോഹ്ലിയെ ക്യാച്ചിലൂടെ പുറത്താക്കാന്‍ മിച്ചല്‍ മാര്‍ഷിന് സാധിക്കാതെ വന്നതും ഇന്ത്യയുടെ വിജയത്തിന് അനുകൂലമായി. 38-ാം ഓവറില്‍ കോഹ്ലി പുറത്തായെങ്കിലും ഇന്ത്യ വിജയതീരത്തേക്ക് അപ്പോഴേക്കും അടുത്തിരുന്നു. രാഹുല്‍ പുറത്താകെ 97 റണ്‍സെടുത്തപ്പോള്‍ കോഹ്ലി 85 റണ്‍സ് എടുത്തു. രാഹുലാണ് മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്കെതിരെ ജഡേജയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച രീതിയില്‍ തന്നെ പന്തെറിഞ്ഞു. സ്റ്റീവ് സ്മിത്തിന്റെയുള്‍പ്പെടെ മൂന്ന് വിക്കറ്റുകളാണ് ജഡേജ നേടിയത്. ശുഭ്മാന്‍ ഗില്ലിന്റെ അസാന്നിധ്യം ടീമിനെ ബാധിക്കുന്നുണ്ട് എന്നതിനുള്ള ഏറ്റവും വലിയ തെളിവായിരുന്നു ഇന്നലെ ചെപ്പോക്കില്‍ കണ്ടത്. അസുഖബാധിതനായ താരം ടീമിലേക്ക് തിരിച്ച് വന്നാല്‍ ഇഷാന്‍ കിഷന്‍ പിന്നീട് ആ സ്ഥാനത്ത് തുടര്‍ന്നേക്കില്ല. ചെപ്പോക്ക് പോലെ ബൗളിങ്ങിന് അനുകൂലമായൊരു പിച്ചില്‍ അതും ലോകകപ്പില്‍ ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ കുറച്ച് കൂടി ശ്രദ്ധിച്ച് കളിക്കേണ്ടതായിരുന്നു. ഓസ്ട്രേലിയ പോലെ കരുത്തരായ ഒരു ടീമിനോട് ചേസ് ചെയ്യുമ്പോള്‍ രണ്ട് യുവതാരങ്ങളും കുറച്ച് കൂടി ശ്രദ്ധയോടെ ഷോട്ടുകള്‍ തിരഞ്ഞെടുക്കേണ്ടതുണ്ട്. 

ആദ്യ റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചു

ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ മികച്ച റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ ന്യൂസിലന്‍ഡ് ആണ് ഇപ്പോള്‍ പോയിന്റ് ടേബിളില്‍ മുന്നില്‍ നില്‍ക്കുന്നത്. സൗത്ത് ആഫ്രിക്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ ടീമുകളാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഇന്ത്യ അഞ്ചാമതാണ്. ന്യൂസിലന്‍ഡ്-നെതര്‍ലാന്‍ഡ്സ് പോരാട്ടത്തോടെ ഗ്രൂപ്പ് സ്റ്റേജിലെ രണ്ടാം റൗണ്ട് മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും.


#Daily
Leave a comment