
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ദേശീയ ഉപദേഷ്ടാവായി ഇന്ത്യ കോക്കസിന്റെ മേധാവി മൈക്ക് വാൾട്സ്
യുഎസ് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി കോൺഗ്രസ് അംഗം മൈക്ക് വാൾട്സിനെ തിരഞ്ഞെടുത്തു. ആഭ്യന്തര, രാജ്യാന്തര വിഷയങ്ങളിൽ ഇടപെടുന്ന ഉഭയകക്ഷി സംഖ്യമായ സെനറ്റ് ഇന്ത്യ കോക്കസിന് നേതൃത്വം നൽകുന്നത് അൻപതുകാരനായ മൈക്ക് വാൾട്സാണ്.
ഫ്ലോറിഡയിൽ നിന്ന് മൂന്ന് തവണ റിപ്പബ്ലിക്കൻ പ്രതിനിധിയായ വാൾട്സ്, യുഎസ് ഹൗസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഗ്രീൻ ബെററ്റ് (അമേരിക്കയിലെ പ്രത്യേക ആർമി സേനാഗം) ആയിരുന്നു.
ട്രംപുമായി ചേർന്ന് ദേശീയ സുരക്ഷയിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ വാൾട്സിന് പ്രധാന പങ്കുണ്ടാകുമെന്നാണ് കരുതുന്നത്. ചൈനയോട് കടുത്ത എതിർപ്പുള്ള വ്യക്തിയാണ് വാൾട്സ്. ചൈനയുടെ സാമ്പത്തിക നിലപാടുകളെ നിരന്തരം വിമർശിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം.
കൊവിഡ് 19 ൻ്റെ ഉത്ഭവത്തിലും, ഉയ്ഗൂർ മുസ്‌ലിംങ്ങളോട് മോശമായി പെരുമാറിയെന്നും ആരോപിച്ച് 2022 ൽ ചൈനയിൽ നടന്ന വിന്റർ ഒളിംപിക്സ് യുഎസ് ബഹിഷ്ക്കരിക്കണമെന്നും വാൾട്ട്‌സ് ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയെപ്പോലുള്ള ജനാധിപത്യ രാഷ്ട്രങ്ങളുമായി ശക്തമായ സംഖ്യം രൂപീകരിക്കണമെന്ന നിലപാട് പുലർത്തുന്നയാളാണ് വാൾട്സ്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 ൽ യുഎസ് സന്ദർശിച്ചപ്പോൾ, വാൾട്സ് നടത്തിയ ഇടപെടൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
യുഎസ്-ഇന്ത്യ പങ്കാളിത്തം ഉറപ്പിക്കുന്നതിന്, ഇന്ത്യ കോക്കസിന് നേതൃത്വം നൽകുന്ന വാൾട്സ് തൻ്റെ ഇന്ത്യൻ എതിരാളികളുമായി ചേർന്ന് പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷ.
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്ന ഉഭയകക്ഷി സഖ്യമാണ് സെനറ്റ് ഇന്ത്യ കോക്കസ്. നിലവിൽ സെനറ്റിലെ 40 അംഗങ്ങൾ അടങ്ങുന്ന ഒരു ഗ്രൂപ്പാണ് ഇന്ത്യാ കോക്കസ്. 2004 ൽ അന്നത്തെ ന്യൂയോർക്ക് സെനറ്ററും സ്റ്റേറ്റ് സെക്രട്ടറിയുമായ ഹിലാരി ക്ലിൻ്റണും, സെനറ്റർ ജോൺ കോർണിനും ചേർന്ന് സ്ഥാപിച്ച ഇത് സെനറ്റിലെ ഏറ്റവും വലിയ ഗ്രൂപ്പാണ്.
തീവ്രവാദത്തെ ചെറുക്കുക, ജനാധിപത്യം, സാമ്പത്തിക വികസനം, മനുഷ്യാവകാശം, ശാസ്ത്ര ഗവേഷണം, പ്രകൃതി ദുരന്ത നിവാരണം എന്നിവ പോലുള്ള തന്ത്രപരമായ ആവിശ്യങ്ങളുടെ ഗ്രൂപ്പാണ് കോക്കസ്.