
ഇന്ത്യ-ഇയു വ്യാപാര കരാര്‍: 10ാം ഘട്ട ചര്‍ച്ച നാളെ ആരംഭിക്കും
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ ഭീഷണികള്‍ക്കിടയില്‍ യൂറോപ്യന്‍ യൂണിയനുമായുള്ള ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകളുടെ അടുത്ത ഘട്ടം നാളെ ആരംഭിക്കും. കരാര്‍ ചര്‍ച്ചകളുടെ പത്താമത് റൗണ്ടാണ് നാളെ മുതല്‍ 14ാം തിയതി വരെ ബ്രസ്സല്‍സില്‍ നടക്കുന്നത്.
ഈ വര്‍ഷം അവസാനത്തോടെ കരാറിന് അന്തിമ രൂപം നല്‍കുകയെന്ന ലക്ഷ്യത്തോടെ അവശേഷിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ചര്‍ച്ചയുടെ ലക്ഷ്യം.
സന്തുലിതവും ഇരുകൂട്ടര്‍ക്കും ഗുണകരവുമായ വ്യാപാര കരാര്‍ നടപ്പിലാക്കാനുള്ള ചര്‍ച്ചകളാണ് നടക്കുന്നതെന്ന് അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ച ഇയു വ്യാപാര കമ്മീഷണര്‍ മാരോസ് സെഫ്‌കോവിച് പറഞ്ഞിരുന്നു.
ഇന്ത്യയും ഇയുവും തമ്മിലുള്ള വ്യാപാര കരാര്‍ ഈ വര്‍ഷം അവസാനത്തോടെ അന്തിമമാക്കാമെന്ന് കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡേര്‍ ലെയെനും സമ്മതിച്ചിരുന്നു.
എട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം 2022 ജൂണിലാണ് ഇന്ത്യയും ഇയുവും വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പുനരാരംഭിച്ചത്. യൂറോപ്പിലെ 27 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഇയു.
വിപണികള്‍ തുറന്നു കൊടുക്കുന്നതിലെ അഭിപ്രായ വ്യത്യാസങ്ങളാണ് 2013ല്‍ ചര്‍ച്ചകള്‍ വഴിമുട്ടാന്‍ കാരണം. നിക്ഷേപ സംരക്ഷണ കരാറിനും ജോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷനും സംബന്ധിച്ച കരാറുകള്‍ക്കും ചര്‍ച്ച നടത്തുന്നുണ്ട്.
ക്ഷീര ഉല്‍പന്ന, വൈന്‍ ഇറക്കുമതി തീരുവകള്‍ അടക്കമുള്ള കാര്‍ഷിക തീരുവകള്‍, വാഹന രംഗത്തെ തീരുവകള്‍, ധാരാളം തൊഴില്‍ സൃഷ്ടിക്കുന്ന ചരക്കുകളെ ബാധിക്കുന്ന നിയന്ത്രണങ്ങള്‍ തുടങ്ങിയ വിഷയങ്ങളുടെ മേല്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.