PHOTO: FACEBOOK
മൂന്നാം കിരീടത്തിനായി ഇന്ത്യ
2023 ലെ ക്രിക്കറ്റ് ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ തുടര്‍ന്ന മികവ് സെമിഫൈനലിലും ആവര്‍ത്തിച്ചപ്പോള്‍ ഇന്ത്യ ടൂര്‍ണ്ണമെന്റിന്റെ ഫൈനലിലേക്ക് മുന്നേറി. 2011 ന് ശേഷം ആദ്യമായാണ് ഇന്ത്യ ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തിരുന്നെങ്കിലും സെമിയില്‍ പുറത്താവുകയായിരുന്നു. 2019 ല്‍ ന്യൂസിലന്‍ഡിനോട് തോറ്റ് പുറത്തായതിന്റെ കണക്കുകൂടിയാണ് ഇന്ത്യ ഇപ്പോള്‍ തീര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 396 റണ്‍സെടുത്തപ്പോള്‍ മറുപടിക്കെത്തിയ ന്യൂസിലന്‍ഡിന് 327 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും ഇന്ത്യയ്ക്ക് വേണ്ടി സെഞ്ച്വറികള്‍ നേടിയപ്പോള്‍ ന്യൂസിലന്‍ഡിന്റെ ഏഴ് വിക്കറ്റുകളും നേടി മുഹമ്മദ് ഷമി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഫൈനലില്‍ വിജയിച്ചാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് മൂന്നാമത്തെ ലോകകിരീടമാണ്.
വീണ്ടും ഹീറോയായി ഷമി
398 റണ്‍സ് എന്ന വലിയ ടാര്‍ഗെറ്റിന്റെ ബലത്തില്‍ ബോള്‍ ചെയ്യാനിറങ്ങിയ ഇന്ത്യയ്ക്ക് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. കഴിഞ്ഞ മത്സരങ്ങളിലെ പോലെ ഓപ്പണര്‍മാരെ പെട്ടെന്ന് മടക്കാന്‍ ന്യൂബോള്‍ ഷെയര്‍ ചെയ്ത ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും ആയില്ല. എന്നാല്‍ ആറാം ഓവറില്‍ ആദ്യ ബോളിങ്ങ് ചെയ്ഞ്ചായി മുഹമ്മദ് ഷമി എത്തിയതോടെ മത്സരം ഇന്ത്യയുടെ കൈയ്യിലേക്കെത്തുകയായിരുന്നു. രണ്ട് ഓപ്പണര്‍മാരേയും ഷമി മടക്കിയെങ്കിലും മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണും ഡാരില്‍ മിച്ചലും സ്‌കോര്‍ ഉയര്‍ത്താന്‍ ആരംഭിച്ചു. ഒടുവില്‍ വില്ല്യംസണിന്റെ വിക്കറ്റും നേടിക്കൊണ്ട് ഷമി ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് മടക്കിക്കൊണ്ട് വരികയായിരുന്നു. അവസാനം വരെ ന്യൂസിലന്‍ഡിന് വിജയപ്രതീക്ഷ വച്ചുപുലര്‍ത്തുന്നതിന് കാരണമായ ഡാരില്‍ മിച്ചലിനെ പുറത്താക്കിയതും ഷമി തന്നെയായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് ആവശ്യമുള്ള സമയത്ത് വിക്കറ്റുകള്‍ നേടുകയായിരുന്നു ഷമി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ചുവിക്കറ്റ് നേട്ടം കൈവരിക്കുന്ന താരമായും ഷമി ഇതോടെ മാറി. മൂന്നു ലോകകപ്പുകളിലായി കളിച്ച ഷമി നാലു തവണയാണ് അഞ്ചു വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
സച്ചിനെ മറികടന്ന് കോഹ്ലി
ന്യൂസിലന്‍ഡിനെതിരായുള്ള സെമിയില്‍ പുതിയ റെക്കോര്‍ഡ് ഇട്ട് വിരാട് കോഹ്ലി. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ റെക്കോര്‍ഡില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ കോഹ്ലി മറികടന്നിരിക്കുകയാണ്. സച്ചിന്റെ 49 ഏകദിന സെഞ്ച്വറികള്‍ എന്ന റെക്കോര്‍ഡാണ് കോഹ്ലി മറികടന്നിരിക്കുന്നത്. ഇതോടെ ഏകദിനത്തില്‍ 50 സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമാവുക കൂടി ചെയ്തു കോഹ്ലി. 113 പന്തുകളില്‍ നിന്നായി 117 റണ്‍സാണ് ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ കോഹ്ലി നേടിയത്. കോഹ്ലിക്കും സച്ചിനും പിന്നാലെ ഇന്ത്യന്‍ താരമായ രോഹിത് ശര്‍മയാണ് പട്ടികയില്‍ മൂന്നാമത്.
ഇന്ത്യയുടെ എതിരാളികളെ ഇന്നറിയാം.
ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ രണ്ടാം സെമിയില്‍ ഓസ്ട്രേലിയ ഇന്ന് സൗത്ത് ആഫ്രിക്കയെ നേരിടും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വച്ച് നടക്കുന്ന മത്സരം ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ആരംഭിക്കും. ഗ്രൂപ്പില്‍ രണ്ടാമത് ഫിനിഷ് ചെയ്തുകൊണ്ട് സൗത്ത് ആഫ്രിക്ക സെമിയില്‍ കടന്നപ്പോള്‍ മൂന്നാമതായാണ് ഓസീസിന്റെ സെമി പ്രവേശനം.