TMJ
searchnav-menu
post-thumbnail

TMJ Daily

ഇന്ത്യാമുന്നണി: പ്രധാന വിഷയങ്ങളില്‍ അനൗപചാരിക കൂടിയാലോചനകള്‍ നടക്കുന്നുവെന്ന് കെ സി വേണുഗോപാല്‍

08 Apr 2025   |   1 min Read
TMJ News Desk

ന്ത്യാ മുന്നണി സംസ്ഥാനങ്ങളില്‍ മുഴുവന്‍ ഐക്യമുണ്ടാക്കുന്ന സംവിധാനമല്ലെന്ന് കോണ്‍ഗ്രസിന്റെ സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ജനാധിപത്യത്തിലെ മൗലികകാര്യങ്ങള്‍ക്കെതിരെ ബിജെപി വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ പ്രാദേശികമായ എല്ലാ ഭിന്നതകളും മറന്നുള്ള ദേശീയ ഐക്യത്തിന്റെ സാധ്യതയാണ് ഇന്ത്യ മുന്നണി പരീക്ഷിച്ചതെന്നും അത് വിജയമാണെന്ന് മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബില്‍ വന്നപ്പോഴും പാര്‍ലമെന്റില്‍ അത് തെളിയിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ലോകസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ത്യാ മുന്നണിയുടെ കൂട്ടുകെട്ട് അവസാനിച്ചെന്നത് തെറ്റായ കാഴ്ച്ചപ്പാടാണെന്ന് വേണുഗോപാല്‍ മലയാള മനോരമയോട് പറഞ്ഞു.

ഹരിയാനയിലും പിന്നാലെ മഹാരാഷ്ട്രയിലും തിരഞ്ഞെടുപ്പുകള്‍ വന്നുവെന്നും ആ തിരഞ്ഞെടുപ്പില്‍ മുന്നണിയിലെ അംഗങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ടായിയെന്നത് യാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒന്നിച്ചുകൂടി അഭിപ്രായങ്ങള്‍ ക്രോഡീകരിക്കുന്നതിന് പകരം അവിടെ വേറൊരു പ്രശ്‌നമുണ്ടാക്കേണ്ടതില്ല എന്നതു കൊണ്ടാണ് യോഗം ചേരാത്തതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മുന്നണിക്കകത്ത് പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളിലും അനൗപചാരിക കൂടിയാലോചനകള്‍ നടക്കുന്നുണ്ടെന്ന് വേണുഗോപാല്‍ വെളിപ്പെടുത്തി.

മുന്നണി ഉണ്ടായത് ലോകസഭ തിരഞ്ഞെടുപ്പിന് ആറുമാസം മുമ്പാണ്. ഒരു വര്‍ഷത്തിനുള്ളിലാണ് മുന്നണിയാശയം രൂപപ്പെട്ടത്. ഒറ്റയടിക്ക് എല്ലാ തലത്തിലും യോജിപ്പുണ്ടാക്കുക സാധ്യമല്ല. സാധ്യതകളെ പരമാവധി മുതലെടുത്ത് ഐക്യത്തോടെ മുന്നോട്ടു പോകാന്‍ കോണ്‍ഗ്രസ് താല്‍പര്യപ്പെടുന്നുവെന്നും എല്ലാവരുമായും ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് മുന്‍കൈയെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


#Daily
Leave a comment