TMJ
searchnav-menu
post-thumbnail

TMJ Daily

ഇന്ത്യ മുന്നണിക്ക് ഭാവിയിലേക്കുള്ള രൂപരേഖ വേണം: കപില്‍ സിബല്‍

23 Mar 2025   |   1 min Read
TMJ News Desk

പൊതുജനമധ്യത്തില്‍ ഇന്ത്യാ മുന്നണി ഒരൊറ്റ കൂട്ടായ്മയാകണമെന്ന് കോണ്‍ഗ്രസ് രാജ്യസഭാ എംപി കപില്‍ സിബല്‍ പറഞ്ഞു. പ്രതിപക്ഷ മുന്നണിക്ക് ഔദ്യോഗികമായ രൂപഘടന വേണമെന്നതാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ മുന്നണിക്ക് ഒത്തൊരുമയുള്ള നയവും ആശയപരമായ രൂപരേഖയും ഭാവിയിലേക്കുള്ള പദ്ധതിയും ആവശ്യമാണെന്ന് അദ്ദേഹം പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യ മുന്നണിയിലുള്ള പാര്‍ട്ടികള്‍ സഹകരിച്ച് ഒരേ അഭിപ്രായം രേഖപ്പെടുത്തി മുന്നോട്ട് പോയില്ലെങ്കില്‍ ഇത് കാര്യക്ഷമമാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നണിക്കൊരു ഔദ്യോഗിക രാഷ്ട്രീയ ഘടന വേണമെന്ന് താന്‍ ദീര്‍ഘകാലമായി വാദിക്കുകയാണെന്നും കപില്‍ സിബല്‍ പറഞ്ഞു.

ഇന്ത്യയില്‍ പ്രതിപക്ഷത്തിനൊരു ഭാവിയുണ്ടെന്ന് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് എന്‍ഡിഎയ്ക്ക് ബദലായി ഇന്ത്യാ മുന്നണി നിലവില്‍ വന്നത്.

മുന്നണിയിലെ കോണ്‍ഗ്രസും എഎപിയും ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ വാക്‌പോര് പരസ്പരം നടത്തിയിരുന്നു. ലോകസഭാ തിരഞ്ഞെടുപ്പില്‍ മുന്നണിയിലെ പാര്‍ട്ടികള്‍ തമ്മില്‍ ഒത്തൊരുമയില്ലാത്തത് ഹരിയാന, മഹാരാഷ്ട്ര, ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ബിജെപി ജയിക്കാന്‍ കാരണമായിയെന്ന് നിരീക്ഷകര്‍ പറയുന്നുണ്ട്.


#Daily
Leave a comment