
PHOTO: INC. IN
രാജ്യം നേരിടുന്ന വെല്ലുവിളികളില്‍ സംവാദം ഉയര്‍ത്തികൊണ്ടുവരാന്‍ INDIA മുന്നണി
പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ അജണ്ട സര്‍ക്കാര്‍ വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് INDIA സഖ്യം. സമ്മേളനത്തില്‍ പ്രധാനപ്പെട്ട വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇതുമുന്‍നിര്‍ത്തി സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തെഴുതും എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങളില്‍ സംവാദം സാധ്യമാക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. മണിപ്പൂരില്‍ തുടരുന്ന കലാപം, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങള്‍ പ്രത്യേക സമ്മേളനത്തില്‍ പ്രതിപക്ഷം ഉന്നയിക്കും. സെപ്റ്റംബര്‍ 18 നാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ആരംഭിക്കുക.
സര്‍ക്കാരിന്റേത് ജനാധിപത്യ രീതിയല്ലെന്ന് ഖാര്‍ഗെ
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഔദ്യോഗിക വസതിയിലാണ് ഇന്നലെ പ്രതിപക്ഷ സഖ്യത്തിലെ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. 'അജണ്ട വ്യക്തമാക്കാതെയാണ് മോദി സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളെ സമ്മേളന കാര്യം അറിയിച്ചിട്ടില്ല, ഇത് ജനാധിപത്യ രീതിയല്ല. ജനങ്ങളെ ഭയപ്പെടുത്തുന്നതിനും യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും വഴിതിരിച്ചു വിടുന്നതിനും മോദി ഒരോ അജണ്ട നിശ്ചയിക്കുകയും മാധ്യമങ്ങള്‍ വഴി അത് പ്രചരിപ്പിക്കുകയും ചെയ്യും' എന്ന് യോഗത്തിനു ശേഷം ഖാര്‍ഗെ എക്‌സില്‍ കുറിച്ചു.
INDIA എന്ന പേരില്‍ അസ്വസ്ഥതയോ
പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച മുന്നണിക്ക് INDIA എന്ന് പേരുനല്‍കിയതുകൊണ്ടാണ് റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നാണ് നിലവില്‍ ഉയരുന്ന ആരോപണം. INDIA എന്ന പേരില്‍ സര്‍ക്കാര്‍ അസ്വസ്ഥരോ എന്ന ചോദ്യവും ഉയര്‍ന്നുവരുന്നുണ്ട്. രാജ്യം 130 കോടി ജനങ്ങളുടേതാണ്, പ്രതിപക്ഷ സഖ്യത്തിന്റെ പേര് ഭാരത് എന്നാക്കിയാല്‍ രാജ്യത്തിന്റെ പേര് ബിജെപി എന്നാക്കുമോ എന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചോദിച്ചു.
ജി-20 ഉച്ചകോടിക്ക് രാഷ്ട്രപതി നല്‍കിയ ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിനു പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്നാണ് എഴുതിയിരിക്കുന്നത്. ഇതോടെ വിഷയത്തില്‍ ചര്‍ച്ചകളും വിമര്‍ശനവും ഉയര്‍ന്നു. ഔദ്യോഗിക രേഖകളില്‍ നിന്നും 'ഇന്ത്യ' എന്നത് ഒഴിവാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നാണ് അഭ്യൂഹം. വിഷയം സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാനുള്ള സാധ്യതയുണ്ടെന്നും നിരീക്ഷണങ്ങളുണ്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.