PHOTO: INC.IN
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊതുസ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ INDIA മുന്നണി
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ശക്തി കേന്ദ്രങ്ങളില്‍ പൊതുസ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ പ്രതിപക്ഷ മുന്നണി. കേരളത്തിലും പഞ്ചാബിലും പൊതുസ്ഥാനാര്‍ത്ഥികള്‍ ഉണ്ടാവില്ല.
ഒക്ടോബര്‍ അവസാനത്തോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
സമിതികള്‍ക്ക് രൂപം നല്‍കി
നിലവില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ പ്രതിപക്ഷ സഖ്യം അഞ്ച് മേല്‍നോട്ട സമിതികളാണ് രൂപീകരിച്ചിട്ടുള്ളത്. പ്രതിപക്ഷ ഏകോപനത്തിനായി 14 അംഗ സമിതിയും കൂടാതെ പ്രചാരണം, സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം, മീഡിയ, റിസര്‍ച്ച് എന്നിങ്ങനെ നാല് സമിതികളും രൂപീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി എത്രയും പെട്ടന്ന് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് മുന്നണിയുടെ തീരുമാനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊതു റാലികള്‍ സംഘടിപ്പിക്കാന്‍ തീരുമാനം ആയി. പട്‌ന, നാഗ്പൂര്‍, ഡല്‍ഹി, ചെന്നൈ, ഗുവാഹത്തി എന്നിവിടങ്ങളില്‍ റാലി നടത്താനാണ് നിലവില്‍ നിര്‍ദേശം.
കരുതിയിരിക്കാന്‍ നിര്‍ദ്ദേശം
വരും മാസങ്ങളില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ ആക്രമണങ്ങളും റെയ്ഡും അറസ്റ്റുകളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും നേതാക്കള്‍ കരുതിയിരിക്കണമെന്നും വെള്ളിയാഴ്ച നടന്ന സമ്മേളനത്തിലെ ഉദ്ഘാടന പ്രസംഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുന്നറിയിപ്പ് നല്‍കി. സഖ്യം വെറും 28 പാര്‍ട്ടികളുടെ കൂട്ടായ്മ മാത്രമല്ലെന്നും 140 കോടി ഇന്ത്യക്കാരുടെ കൂട്ടായ്മയാണ്, നരേന്ദ്ര മോദിയുടെ പരാജയം INDIA ഉറപ്പാക്കും എന്നും അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. ഒക്ടോബര്‍ രണ്ടിന് രാജ്ഘട്ടില്‍ മുന്നണിയുടെ ദര്‍ശനരേഖ പുറത്തിറക്കും.