.jpg)
സിഡ്‌നി ടെസ്റ്റില്‍ തിരിച്ചടിച്ച് ഇന്ത്യ; ഓസ്‌ട്രേലിയ 181-ന് പുറത്ത്
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാമത്തെ മത്സരത്തില്‍ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ ഓസ്‌ട്രേലിയയെ 181 റണ്‍സിന് പുറത്താക്കി. ഒന്നാം ദിനം ഇന്ത്യ 185 റണ്‍സിന് പുറത്തായിരുന്നു.
രണ്ടാം ദിനം ഇന്ത്യയുടെ പേസ് ആക്രമണത്തിന് മുന്നില്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. ക്യാപ്റ്റന്‍ മാറിയതിന്റെ ഗുണം ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ കണ്ടില്ലെങ്കിലും ബൗളിങ്ങില്‍ പ്രതിഫലിച്ചു. പക്ഷേ, ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയ്ക്ക് പരിക്കേറ്റുവെന്ന സംശയം ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നു. സ്‌കാനിങ്ങിനായി ബുംറയെ കൊണ്ടുപോയതിനെ തുടര്‍ന്ന് വിരാട് കോഹ്ലി താല്‍ക്കാലിക ക്യാപ്റ്റനായി ഇന്ത്യയെ നയിക്കുന്നു.
ഒന്നാം ദിനത്തിന്റെ അവസാന പന്തില്‍ ഓസീസ് ഓപ്പണര്‍ ഉസ്മാന്‍ ഖവാജയെ പുറത്താക്കിയ ഇടത്തുനിന്നുമാണ് രണ്ടാം ദിനം ഇന്ത്യ തുടങ്ങിയത്. രണ്ട് റണ്‍സ് മാത്രം എടുത്ത മാര്‍നസ് ലെബൂഷെയ്‌നിനെ ബുംറ പുറത്താക്കി. ഖവാജയെ പുറത്താക്കിയതും ബുംറയായിരുന്നു.
അടുത്തത് മുഹമ്മദ് സിറാജിന്റെ ഊഴമായിരുന്നു. പന്ത്രണ്ടാം ഓവറില്‍ സിറാജ് സാം കോണ്‍സ്റ്റാസിനേയും ട്രാവസ് ഹെഡിനേയും പുറത്താക്കി. ഈ പരമ്പരയില്‍ ഇന്ത്യയ്ക്ക് ഏറെ തലവേദന സൃഷ്ടിച്ച താരങ്ങളായിരുന്നു സാമും ഹെഡും. സാം 23 റണ്‍സും ഹെഡ് 4 റണ്‍സും എടുത്തു.ഓസീസ് 39 റണ്‍സിന് 4 വിക്കറ്റെന്ന പരിതാപകരമായ നിലയിലായി. എന്നാല്‍, അഞ്ചാം വിക്കറ്റില്‍ സ്റ്റീവ് സ്മിത്തും ബ്യൂ വെബ്സ്റ്ററും ചേര്‍ന്ന് ടീമിനെ കരുതലോടെ മുന്നോട്ടു നയിച്ചു. സ്‌കോര്‍ ബോര്‍ഡില്‍ 96 റണ്‍സ് ആയപ്പോള്‍ സ്മിത്ത് പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ കെ എല്‍ രാഹുല്‍ പിടിച്ച് പുറത്തായി. 57 പന്തില്‍ നിന്നും 33 റണ്‍സ് ആയിരുന്നു സമ്പാദ്യം. വെബ്സ്റ്റര്‍ അര്‍ദ്ധ സെഞ്ച്വറി നേടി. 105 പന്തില്‍ നിന്നും 57 റണ്‍സ് എടുത്ത വെബ്സ്റ്ററും പ്രസിദ്ധിന്റെ പന്തിലാണ് പുറത്തായത്. യശ്വസി ജയ്‌സ്വാളിന് ക്യാച്ച്.
പിന്നീട് 36 റണ്‍സ് എടുത്ത അലക്‌സ് കാരിയെ പ്രസിദ്ധ് ബൗള്‍ഡാക്കി മൂന്ന് വിക്കറ്റ് തികച്ചു. സിറാജും മൂന്ന് വിക്കറ്റുകള്‍ നേടി. ബുംറയും റെഡ്ഡിയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. രാഹുല്‍ ആകെ നാല് ക്യാച്ചുകളാണ് എടുത്തത്.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സ് എടുത്തിട്ടുണ്ട്. ആകെ 74 റണ്‍സിന്റെ ലീഡ്.
22 റണ്‍സെടുത്ത ജയ്‌സ്വാളും 13 റണ്‍സെടുത്ത രാഹുലും ആറ് റണ്‍സെടുത്ത കോലിയും പുറത്തായി. സ്‌കോട്ട് ബോളണ്ടാണ് മൂന്ന് വിക്കറ്റും വീഴ്ത്തിയത്.