
രോഹിത് ശര്‍മ്മ | PHOTO : ICC
റണ്‍റേറ്റ് ഉയര്‍ത്തി ഇന്ത്യ, അഫ്ഗാനെതിരെ മികച്ച വിജയം
ഏകദിന ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 50 ഓവറില്‍ 272 റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങിനെത്തിയ ഇന്ത്യ 35 ഓവറില്‍ തന്നെ ലക്ഷ്യം മറികടക്കുകയായിരുന്നു. റണ്‍റേറ്റ് ഉയര്‍ത്തുന്നതിന് വേണ്ടി തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ വിജയശില്‍പ്പി. 84 പന്തുകളില്‍ നിന്നായി 131 റണ്‍സാണ് രോഹിത് സ്‌കോര്‍ ചെയ്തത്.
ലക്ഷ്യം പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം
ലോകകപ്പില്‍ കളിക്കുന്ന മുഴുവന്‍ ടീമുകളെയും ഒറ്റ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ ഫിക്സ്ച്ചര്‍ തയ്യാറാക്കപ്പെട്ടിട്ടുള്ളത്. 10 ടീമുകള്‍ ഉള്‍പ്പെടുന്ന ടീമില്‍ നിന്ന് നാല് ടീമുകള്‍ക്കാണ് സെമി പ്രവേശനം. മുഴുവന്‍ ടീമുകളും ഒരു ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നത് കൊണ്ട് തന്നെ ആദ്യ നാല് സ്ഥാനങ്ങളും നിര്‍ണ്ണയിക്കുന്നതില്‍ റണ്‍റേറ്റ് ഒരു പ്രധാന ഘടകമാകുമെന്നത് ഉറപ്പാണ്. ഈ ഘടകം മുന്‍നിര്‍ത്തിക്കൊണ്ടാണ് ഇന്ത്യ തുടക്കം മുതല്‍ തന്നെ ആക്രമിച്ച് കളിച്ചിട്ടുണ്ടാവുക. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും. റണ്‍റേറ്റ് ഇനിയും കൂട്ടിയാല്‍ മാത്രമേ ഇന്ത്യയ്ക്ക് പോയിന്റ് ടേബിളില്‍ ഒന്നാമതെത്താന്‍ സാധിക്കുകയുള്ളൂ. കഴിഞ്ഞ രണ്ട് കളിയിലും ഇന്ത്യ മികച്ച വിജയം സ്വന്തമാക്കിയെങ്കിലും പോയിന്റ് ടേബിളില്‍ രണ്ടാമതാണ്. ന്യൂസിലന്‍ഡ്, ഇന്ത്യ, പാകിസ്ഥാന്‍ എന്നീ ടീമുകളാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വിജയിച്ച് നില്‍ക്കുന്നത്. 4 പോയിന്റ് വീതമാണ് മൂന്ന് ടീമുകള്‍ക്കും ഉളളതെങ്കിലും റണ്‍റേറ്റ് അടിസ്ഥാനത്തില്‍ ന്യൂസിലന്‍ഡ് (1.958) ഒന്നാമതും ഇന്ത്യ (1.500) രണ്ടാം സ്ഥാനത്തും പാകിസ്ഥാന്‍ (0.927) മൂന്നാമതും നിലയുറപ്പിക്കുന്നു. വരാനിരിക്കുന്ന മത്സരങ്ങളിലും അഗ്രസീവ് ആയിട്ടുള്ള കളി തന്നെയായിരിക്കും ഇന്ത്യ പുറത്തെടുക്കുക.