
പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി
ഓസ്ട്രേലിയക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് ടൂര്‍ണമെന്റിലെ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് പത്ത് വിക്കറ്റിന്റെ തോല്‍വി. മൂന്നാം ദിനം അഞ്ച് വിക്കറ്റിന് 128 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 175 റണ്‍സിന് പുറത്തായി. ജയിക്കാനാവശ്യമായ 19 റണ്‍സ് ഓസ്‌ട്രേലിയ വിക്കറ്റൊന്നും നഷ്ടപ്പെടാതെ നേടി. ഇതോടെ, ടെസ്റ്റ് പരമ്പരയില്‍ ഇരുരാജ്യങ്ങളും ഓരോ മത്സരങ്ങള്‍ വിജയിച്ചു.
മൂന്നാം ദിവസം വെറും 12.5 ഓവറുകളില്‍ 47 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് ഇടയിലാണ് ഇന്ത്യയുടെ അഞ്ച് ബാറ്റ്സ്മാന്‍മാർ കൂടാരം കയറിയത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് ടോപ് സ്‌കോററായ നിതീഷ് കുമാര്‍ റെഡ്ഡി തന്നെയാണ് രണ്ടാം ഇന്നിങ്ങ്‌സിലും പിടിച്ചു നിന്നത്. നിതീഷ് 42 പന്തില്‍ 47 റണ്‍സ് നേടി.
28 റണ്‍സെടുത്ത ഋഷഭ് പന്താണ് മൂന്നാം ദിനം ആദ്യം വീണത്. മിച്ചേല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ സ്റ്റീവ് സ്മിത്ത് പന്തിനെ പിടികൂടി. വാലറ്റം ചെറിയതോതില്‍ പ്രതിരോധം ഉയര്‍ത്തിയെങ്കിലും അത് ഏറെ നേരം തുടര്‍ന്നില്ല. രവി ചന്ദ്ര അശ്വിനും മുഹമ്മദ് സിറാജും ഏഴ് റണ്‍സ് വീതം എടുത്തപ്പോള്‍ ഹര്‍ഷിത് റാണ പൂജ്യത്തിന് പുറത്തായി.
ഇന്ത്യയുടെ രണ്ടാമിന്നിങ്‌സില്‍ അഞ്ച് പേരെ വീഴ്ത്തിയത് ഓസീസ് നായകനായ പാറ്റ് കമ്മിന്‍സ് ആണ്. 57 റണ്‍സ് മാത്രമാണ് ഇതിനിടയിൽ വിട്ടുനല്‍കിയത്. ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ മിച്ചേല്‍ സ്റ്റാര്‍ക്ക് രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ആകെ നേട്ടം എട്ടുവിക്കറ്റുകളായി ഉയര്‍ത്തി. ശേഷിച്ച മൂന്ന് വിക്കറ്റുകള്‍ സ്‌കോട്ട് ബോളണ്ട് നേടി.
വിജയലക്ഷ്യമായ 19 റണ്‍സ് 3.2 ഓവറില്‍ ഓസീസ് ഓപ്പണറായ ഉസ്മാന്‍ ഖവാജയും (9 റണ്‍സ്) നഥാന്‍ മക്‌സ്വീനിയും (10 റണ്‍സ്) ചേര്‍ന്ന് നേടിയതോടെ അഡ്‌ലെയ്ഡിലെ ഇന്ത്യയുടെ പതനം പൂര്‍ത്തിയായി.
പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ 295 റണ്‍സിന്റെ വന്‍വിജയം നേടിയ ഇന്ത്യയാണ് പകലും രാത്രിയുമായി നടന്ന രണ്ടാം ടെസ്റ്റില്‍ ബാറ്റും പന്തും വച്ച് പൊരുതാതെ കീഴടങ്ങിയത്.