
ഇറ്റാലിയന്‍ സൂപ്പര്‍ കപ്പിന് ഇന്ത്യ വേദിയായേക്കും
അടുത്ത വര്‍ഷത്തെ ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് വേദിയായി സീരി എ ഇന്ത്യയെ പരിഗണിക്കുന്നു. ടൂര്‍ണമെന്റിന്റെ ആഗോള ശ്രദ്ധ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് വേദിയായി ഇന്ത്യയേയും പരിഗണിക്കുന്നതെന്ന് ഇറ്റാലിയന്‍ ലീഗിന്റെ വാണിജ്യ, വിപണന ഡയറക്ടര്‍ മിഷേല്‍ സിക്കാര്‍സെ പറഞ്ഞു.
മുന്‍സീസണിലെ സീരി എയിലേയും കോപ്പ ഇറ്റാലിയയിലേയും വിജയികളും റണ്ണേഴ്‌സ്അപ്പുകളുമാണ് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പില്‍ ഏറ്റുമുട്ടുന്നത്. ഈ വര്‍ഷം ജനുവരിയില്‍ കപ്പിന് ആതിഥേയത്വം വഹിച്ചത് സൗദി അറേബ്യ ആണ്. ഇതില്‍ എസി മിലാന്‍ ഇന്റര്‍മിലാനെ 3-2ന് തോല്‍പിച്ച് എട്ടാം തവണയും കപ്പ് നേടി.
ലീഗിന്റെ തന്ത്രത്തിന്റെ ഭാഗമായിട്ടാണ് മത്സരം ഇന്ത്യയില്‍ നടത്തുന്നത് പരിഗണിക്കുന്നതെന്ന് സിക്കാര്‍സെ പറഞ്ഞു. വിശാലമായ പ്രേക്ഷകരുമായി സംവദിക്കുകയും ആ സംസ്‌കാരത്തിലെ മികച്ചതിനെ പുറത്തു കൊണ്ടുവരികയുമാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍സിബി ഇന്നോവേഷന്‍ ലാബ് ഇന്ത്യന്‍ കായിക ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


