സായുധ സേനകളിലെ കുട്ടികളുടെ പങ്കാളിത്തം; പട്ടികയിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കി യുഎൻ
സായുധ ഗ്രൂപ്പുകളിലേക്ക് കുട്ടികളെ റിക്രൂട്ട് ചെയ്യുകയും അതിക്രമങ്ങൾക്ക് ഇരകളാക്കപ്പെടുകയും ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഐക്യരാഷ്ട്ര സംഘടന ഇന്ത്യയെ ഒഴിവാക്കി. 12 വർഷങ്ങൾക്ക് ശേഷമാണ് യുഎൻ സെക്രട്ടറി ആൻോണിയോ ഗുട്ടെറസ് ഇന്ത്യയെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി പ്രഖ്യാപിച്ചത്. ജമ്മു കാശ്മീരിലെ സായുധ ഗ്രൂപ്പുകൾ ആൺകുട്ടികളെ റിക്രൂട്ട് ചെയ്യുകയും ആയുധ പരിശീലനത്തിന് പങ്കെടുപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു ഇന്ത്യയും പട്ടികയിലിടം പിടിച്ചത്. എന്നാൽ കുട്ടികളെ സംരക്ഷിക്കാൻ കേന്ദ്രസർക്കാരിന്റെ പദ്ധതികളുടെ മികവിൽ സാധിച്ചതായി യുഎൻ സെക്രട്ടറി വെളിപ്പെടുത്തി.
ബുർക്കിന ഫാസോ, കാമറൂൺ, ലേക് ഛാഡ്, നൈജീരിയ, പാകിസ്ഥാൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യയും ഉൾപ്പെട്ടിരുന്നത്. ഇന്ത്യയുടെ പേര് ഒഴിവാക്കുന്നതിനായി കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം ഐക്യരാഷ്ട്രസഭയുമായി ചർച്ചകൾ നടത്തിയിരുന്നു.
'ജമ്മു കാശ്മീരിലെ സംവിധാനങ്ങൾ ശിഥിലമായിരുന്നു. കുട്ടികളുടെ സംരക്ഷണത്തിനായി ജുവനൈൽ ജസ്റ്റിസ് ആക്ട് നടപ്പാക്കിയിരുന്നില്ല. അവിടെയുള്ള ജുവനൈൽ ഹോമുകളുടെ പ്രവർത്തനം മുടങ്ങിക്കിടക്കുകയായിരുന്നു. മാത്രമല്ല, ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ, ജുവനൈൽ ജസ്റ്റിസ് ബോർഡുകൾ, ചൈൽഡ് കെയർ ഹോമുകൾ എന്നിവ പിന്നീട് സ്ഥാപിച്ചു' കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറി ഇൻഡെവർ പാൻഡേ വ്യക്തമാക്കി.
സംരക്ഷണം ഉറപ്പാക്കുന്നതിനായി യുഎൻ നിർദേശങ്ങൾ നടപ്പിലാക്കുകയാണ്. കുട്ടികളുടെ സംരക്ഷണത്തിനായി സുരക്ഷാ സേനയ്ക്ക് പ്രത്യേക പരിശീലനവും നല്കപ്പെടുന്നു. പെല്ലറ്റുകളുടെ ഉപയോഗം തടയുകയും ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്‌സോ നിയമം തുടങ്ങിയവ നടപ്പിലാക്കുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു.
ഭീകരത മുന്നിൽ കണ്ട് കുട്ടികൾ
ജമ്മു കാശ്മീരിലെ കുട്ടികൾ നിരന്തരം ഭീകരാതിക്രമങ്ങൾക്ക് ഇരകളാക്കപ്പെടുന്നുവെന്ന് 2020ലെ യുഎൻ ചിൽഡ്രൻ ആൻഡ് ആർമ്ഡ് കോൺഫ്‌ളിക്റ്റ്‌സ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ഇന്ത്യൻ ആർമിയുടെ സംയുക്ത ഓപ്പറേഷനിലൂടെയും, തീവ്രവാദ ഗ്രൂപ്പായ ലക്ഷർ-ഇ-തൊയ്ബയുടെ ആക്രമണങ്ങളിലൂടെയും ഒരു വയസിനും 17 വയസിനും ഇടയിൽ പ്രായമുള്ള 8 കുട്ടികൾ കൊല്ലപ്പെടുകയും 7 കുട്ടികൾക്ക് പരിക്കേറ്റതായും റിപ്പോർട്ട് എടുത്തുകാട്ടി.
ദേശീയ സുരക്ഷയുമായി ബന്ധപ്പെടുത്തി ഒമ്പതിനും 17നും ഇടയിൽ പ്രായമുള്ള അറുപത്തിയെട്ട് കുട്ടികളെ ജമ്മു കാശ്മീരിലെ ഇന്ത്യൻ സുരക്ഷാ സംഘങ്ങൾ തടവിലാക്കിയിരുന്നു. ഇത്തരത്തിൽ ജമ്മു കാശ്മീരിലെ കുട്ടികളുടെ മരണത്തിൽ ആശങ്കയുണ്ടെന്നും കുട്ടികൾക്കെതിരെയുള്ള പെല്ലറ്റുകളുടെ ഉപയോഗം അവസാനിപ്പിക്കുന്നതുൾപ്പെടെയുള്ള പ്രതിരോധ നടപടികൾക്കായി യുഎൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
2003 മുതൽ 2018 വരെ 318 കുട്ടികൾ ഈ മേഖലകളിൽ മരിച്ചതായി ജമ്മു കാശ്മീർ കൊളിഷൻ ഓഫ് സിവിൽ സൊസൈറ്റിയുടെ (ജെകെസിസിഎസ്) റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജമ്മു കാശ്മീരിലെ കുട്ടികൾ ഏകദേശം 7,00,000 ത്തോളം സൈനീകരുടെ സാന്നിധ്യത്തിലാണ് ജീവിക്കുന്നതെന്നും യുഎൻ നിർദേശിക്കുന്ന അവകാശങ്ങൾ ലംഘിക്കപ്പെടുന്നതായും റിപ്പോർട്ടിൽ പരാമർശിച്ചു.