TMJ
searchnav-menu
post-thumbnail

TMJ Daily

ഇന്ത്യ-പാക് സംഘര്‍ഷം: മോഡിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം നടത്തണമെന്ന് കോണ്‍ഗ്രസ്

11 May 2025   |   1 min Read
TMJ News Desk

ഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിവയ്പ്പും സൈനിക നടപടിയും എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം ചേരണമെന്നും പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഇന്ത്യയ്ക്കും പാകിസ്താനിനും ഇടയിലെ പ്രശ്‌നപരിഹാരത്തിന് മൂന്നാം കക്ഷിക്ക് പ്രവേശനം അനുവദിച്ചോ, പാകിസ്താനുമായി നയതന്ത്ര ബന്ധം തുറന്നോ എന്നിവ അടക്കം അനവധി ചോദ്യങ്ങള്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിച്ചു.

തുടര്‍ച്ചയായി നാലുദിവസം അതിര്‍ത്തി കടന്ന് കനത്ത ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്കുശേഷം കര, വ്യോമ, നാവിക സൈനിക ആക്രമണങ്ങള്‍ ഉടനടി അവസാനിപ്പിക്കാന്‍ ഇന്നലെ ഇന്ത്യയും പാകിസ്താനും തമ്മില്‍ ധാരണയിലായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ വന്നത്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനം യുഎസില്‍ നിന്നും ആദ്യം ഉണ്ടായതിനെ കുറിച്ചും കോണ്‍ഗ്രസ് ചര്‍ച്ച ആവശ്യപ്പെട്ടിട്ടുണ്ട്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ക്കായി നിക്ഷ്പക്ഷ സ്ഥലമെന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ പരാമര്‍ശം അനവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്നും ജയറാം രമേശ് പറഞ്ഞു. നമ്മള്‍ ഷിംല കരാര്‍ ഉപേക്ഷിച്ചോയെന്നും മൂന്നാം കക്ഷിയുടെ മധ്യസ്ഥതയ്ക്കായി വാതില്‍ തുറന്നോയെന്നും ജയറാം രമേശ് ചോദിച്ചു. നിക്ഷ്പക്ഷ സ്ഥലത്ത് വച്ച് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയുടേയും പാകിസ്താന്റേയും സര്‍ക്കാരുകള്‍ സമ്മതിച്ചുവെന്ന് റൂബിയോ ഇന്നലെ പറഞ്ഞിരുന്നു.


#Daily
Leave a comment