
ഇന്ത്യ-പാക് സംഘര്‍ഷം: ധനമന്ത്രി ധനകാര്യ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തുന്നു
ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ ബാങ്കുകളുടേയും സാമ്പത്തിക സ്ഥാപനങ്ങളുടേയും സൈബര്‍സുരക്ഷ സംബന്ധിച്ച ചര്‍ച്ച നടത്തും. ഇന്ത്യ-പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ വിവിധ മേഖലകളിലെ സ്ഥാപനങ്ങളുടെ നേര്‍ക്കുള്ള സൈബര്‍ ആക്രമണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇന്ന് വൈകുന്നേരം യോഗം ചേരുന്നത്.
വിവിധ പൊതു മേഖല, സ്വകാര്യ ബാങ്കുകള്‍, റിസര്‍വ് ബാങ്ക്, നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, എന്‍എസ്ഇ, ബിഎസ്ഇ, ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സെര്‍ട്ട്-ഇന്‍) തുടങ്ങിയവയുടെ പ്രതിനിധികള്‍ പങ്കെടുക്കും. സെര്‍ട്ട്-ഇന്‍ പ്രധാനപ്പെട്ട മേഖലകളിലെ സ്ഥാപനങ്ങളുമായി സൈബര്‍ സുരക്ഷാ തയ്യാറെടുപ്പുകള്‍ ഏകോപിപ്പിക്കുകയാണ്.
ഊര്‍ജ്ജ മന്ത്രാലയം, ബാങ്കുകള്‍, ടെലികോം സേവന ദാതാക്കള്‍ തുടങ്ങിയ നിര്‍ണായക മേഖലകളുടെ ചുമതലയുള്ള ഏജന്‍സികളോടും സ്ഥാപനങ്ങളോടും മുന്‍കരുതലോടെയിരിക്കാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.