TMJ
searchnav-menu
post-thumbnail

TMJ Daily

ഇന്ത്യ-പാക് സംഘര്‍ഷം; അവര്‍ പരിഹരിക്കും: ട്രംപ്

26 Apr 2025   |   1 min Read
TMJ News Desk

ന്ത്യയും പാകിസ്താനും തമ്മില്‍ എക്കാലവും സംഘര്‍ഷം ഉണ്ടായിരുന്നുവെന്നും അവരത് പരിഹരിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. 20 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന്റെ വെളിച്ചത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തെക്കുറിച്ച് ആരാഞ്ഞപ്പോഴാണ് വിഷയത്തില്‍ ഇടപെടില്ലെന്ന സൂചന നല്‍കി കൊണ്ടുള്ള ട്രംപിന്റെ പ്രതികരണം.

കശ്മീര്‍ വിഷയത്തില്‍ മൂന്നാമതൊരു കക്ഷി ഇടപെടേണ്ടതില്ലെന്നതാണ് ഇന്ത്യയുടെ പരമ്പരാഗത നയം.

താന്‍ ഇരുരാജ്യങ്ങളുമായും വളരെ അടുപ്പം പുലര്‍ത്തുന്നുവെന്നും ട്രംപ് പറഞ്ഞു. '1,000വര്‍ഷമായി കശ്മീരില്‍ അവര്‍ യുദ്ധം ചെയ്യുന്നു. ഒരുപക്ഷേ, അതിലും കൂടുതല്‍. കഴിഞ്ഞ ദിവസം നടന്നത് വളരെ മോശമായിരുന്നു, മോശമായ ഒന്ന്. 30ല്‍ അധികം പേര്‍,' റോമിലേക്കുള്ള യാത്രാ മദ്ധ്യേ എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമ പ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞു.

ഭീകരാക്രമണത്തെക്കുറിച്ചും രണ്ട് രാജ്യങ്ങളുടെ നേതാക്കന്‍മാരുമായി സംഭാഷണം നടത്തുമോയെന്നും മാധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോഴാണ് ട്രംപിന്റെ പ്രതികരണം.

'ആ അതിര്‍ത്തിയില്‍ 1,500വര്‍ഷത്തോളമായി സംഘര്‍ഷമുണ്ട്. അത് അവര്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പരിഹരിക്കും. എനിക്കുറപ്പുണ്ട്. രണ്ട് നേതാക്കളേയും എനിക്കറിയാം. പാകിസ്താനും ഇന്ത്യയും തമ്മില്‍ വലിയ സംഘര്‍ഷമുണ്ട്,' ട്രംപ് പറഞ്ഞു.

ഏപ്രില്‍ 22നാണ് 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം ഉണ്ടായത്. 2019ലെ പുല്‍വാമ ആക്രമണത്തിനുശേഷം നടന്ന ഏറ്റവും മാരകമായ ആക്രമണമായിരുന്നു അത്. പാകിസ്താനിലെ നിരോധിത ലഷ്‌കര്‍-ഇ-തൊയ്ബയുടെ നിഴല്‍ സംഘടനയായ ദി റസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.




#Daily
Leave a comment