TMJ
searchnav-menu
post-thumbnail

TMJ Daily

ഇന്ത്യ-പാക് സംഘര്‍ഷം; ചര്‍ച്ചയ്ക്ക് സഹായിക്കാമെന്ന് യുഎസ്

10 May 2025   |   1 min Read
TMJ News Desk

ന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പാക് സൈനിക തലവന്‍ ജനറല്‍ അസിം മുനീറുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ സംസാരിച്ചു. നിയന്ത്രണ രേഖയില്‍ പാക് സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുകയും ഇന്ത്യയുടെ അതിര്‍ത്തി ജില്ലകളില്‍ പാകിസ്താന്‍ തുടര്‍ച്ചയായി ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതിന് ഇടയിലാണ് യുഎസ് നീക്കം.

ഭാവിയില്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനുള്ള ക്രിയാത്മകമായ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ സഹായിക്കാമെന്ന് മാര്‍ക്കോ വാഗ്ദാനം ചെയ്തുവെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു.

എത്രയും വേഗം സംഘര്‍ഷം ലഘൂകരിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് പറഞ്ഞിരുന്നു.

ഇന്ത്യ-പാക് സംഘര്‍ഷം യുഎസിന്റെ പ്രശ്‌നമല്ലെന്ന നിലപാടാണ് നേരത്തെ ഉന്നത നേതൃത്വം സ്വീകരിച്ചിരുന്നത്. സംഘര്‍ഷം ലഘൂകരിക്കാന്‍ ഇരുരാജ്യങ്ങളോടും റൂബിയോ ആവശ്യപ്പെട്ടുവെന്ന് വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം, പാകിസ്താന്റെ സുഹൃദ് രാജ്യമായ ചൈന ഇന്ത്യയോടും പാകിസ്ഥാനോടും സമാധാനം പുലര്‍ത്താന്‍ ശക്തമായി ആവശ്യപ്പെട്ടു. സമാധാനപരമായ ഒത്തുതീര്‍പ്പിന്റെ പാത തിരഞ്ഞെടുക്കാന്‍ ചൈന ആവശ്യപ്പെട്ടു. സമാധാന മാര്‍ഗങ്ങളിലൂടെ രാഷ്ട്രീയമായ ഒത്തുതീര്‍പ്പിന്റെ പാതയിലേക്ക് മടങ്ങാനും ചൈന ആവശ്യപ്പെട്ടു. സംഘര്‍ഷം മൂര്‍ച്ഛിപ്പിക്കുന്ന കൂടുതല്‍ നടപടികള്‍ എടുക്കരുതെന്നും ചൈന ആവശ്യപ്പെട്ടു.

ഇന്ത്യയുടേയും പാകിസ്താന്റേയും അടിസ്ഥാനപരമായ താല്‍പര്യത്തിനും മേഖലയുടെ സ്ഥിരതയ്ക്കും സമാധാനത്തിനും അത് പ്രധാനമാണെന്നും ചൈന പറഞ്ഞു. അതാണ് അന്താരാഷ്ട്ര സമൂഹവും ആഗ്രഹിക്കുന്നതെന്നും ഈ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ക്രിയാത്മകമായ പങ്കുവഹിക്കുമെന്നും അവര്‍ പറഞ്ഞു.


 

#Daily
Leave a comment