DOMMARAJU GUKESH | PHOTO : WKI COMMONS
കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്റില്‍ ജേതാവായി ഇന്ത്യയുടെ പതിനേഴുകാരന്‍
ലോക ചാമ്പ്യനുമായി മത്സരിക്കേണ്ട ചലഞ്ചറെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്റില്‍ കിരീടം നേടി ഇന്ത്യന്‍ താരം ദൊമ്മരാജു ഗുകേഷ്. ടൂര്‍ണമെന്റില്‍ ജേതാവാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഗുകേഷ്. കിരീടം നേടിയതോടെ ലോകചാമ്പ്യനെ തിരഞ്ഞെടുക്കാനുള്ള മത്സരത്തിനും ഗുകേഷ് യോഗ്യത നേടി. മത്സരത്തില്‍ വിജയിച്ചതോടെ ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ലോകചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെ ഗുകേഷ് നേരിടും. ഈ നേട്ടം കൈവരിക്കുന്ന രാണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ഗുകേഷ്. 2014 ലെ ടൂര്‍ണമെന്റില്‍ വിശ്വനാഥന്‍ ആനന്ദ് ജേതാവായിരുന്നു.
യുഎസ് താരം ഹികാരു നകമുറയെ സമനിലയില്‍ എത്തിച്ചതോടെ ഒന്‍പത് പോയിന്റുമായി ഗുകേഷ് ജേതാവായി. റഷ്യന്‍ താരം ഇയാന്‍ നെപോംനിയാച്ചിയും യുഎസ് താരം ഫാബിയാനോ കരുവാനയും തമ്മിലുള്ള മത്സരവും സമനിലയില്‍ അവസാനിച്ചത് ഗുകേഷിന് അനുകൂലമായി. ഇരുവരുടെയും മത്സരവും സമനിലയില്‍ അവസാനിക്കുകയായിരുന്നു. രണ്ടുപേരില്‍ ആരെങ്കിലും ജയിച്ചിരുന്നെങ്കില്‍ ടൈ ബ്രേക്കര്‍ സാഹചര്യത്തിലേക്കെത്തുമായിരുന്നു.
കാന്‍ഡിഡേറ്റ് ജേതാവിന് 48 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സ്ഥാനത്തിന് 28.6 ലക്ഷവും മൂന്നാം സ്ഥാനത്തിന് 21.5 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. പന്ത്രണ്ടാം വയസില്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ പട്ടം നേടി പ്രായം കുറഞ്ഞ മൂന്നാമത്തെ താരമെന്ന നേട്ടവും ഗുകേഷ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ ഗുകേഷ് വെള്ളി നേടി. ലോക ചെസ് ചാമ്പ്യനെ നേരിടാനുള്ള താരത്തെ കണ്ടെത്താനായി അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍ നടത്തുന്ന ടൂര്‍ണമെന്റാണ് കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റ്. കഴിഞ്ഞ ഒരു വര്‍ഷത്തെ ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം നടത്തുന്ന എട്ട് ഗ്രാന്റ്മാസ്റ്റര്‍മാരാണ് മത്സരത്തിനായി തിരഞ്ഞെടുക്കപ്പെടുന്നത്.