രുചിര കാംബോജ് | PHOTO: WIKI COMMONS
യു.എന്‍ വെടിനിര്‍ത്തല്‍ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ
ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ട് യു.എന്‍ പൊതുസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ. 'യു.എന്‍ പൊതുസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ടുചെയ്യുകയാണ്. വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് ഗാസയിലുള്ളത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടുകയാണ്. രാജ്യാന്തര മനുഷ്യാവകാശങ്ങള്‍ ഏതുസാഹചര്യത്തിലും സംരക്ഷിക്കേണ്ടതുണ്ട്. പലസ്തീനിയന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകരാജ്യം രൂപീകരിക്കേണ്ടതിനെക്കുറിച്ചും ചര്‍ച്ച നടത്തണം' എന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞു.
ചരിത്രദിനം എന്ന് അഫ്ഗാന്‍
അള്‍ജീരിയ, ബഹ്‌റൈന്‍, ഇറാഖ്, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയ്ക്കു പുറമെ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. യുഎസും ഇസ്രയേലും ഉള്‍പ്പെടെയുള്ള 10 രാജ്യങ്ങള്‍ എതിര്‍ത്തപ്പോള്‍ 23 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പ്രമേയം രക്ഷാസമിതിയില്‍ യുഎസ് വീറ്റോ ചെയ്തതിനു പിന്നാലെയാണ് പൊതുസഭയില്‍ വോട്ടെടുപ്പ് നടന്നത്. ഇതൊരു ചരിത്രദിനമാണെന്നും യുഎന്‍ പൊതുസഭയില്‍ നിന്നുള്ള ശക്തമായ സന്ദേശമാണെന്നും പലസ്തീനിയന്‍ പ്രതിനിധി റിയാദ് മന്‍സൂര്‍ പ്രതികരിച്ചു.
അവശേഷിക്കുന്നതില്‍ പകുതിപേരും പട്ടിണിയില്‍
ഇസ്രയേല്‍ ആക്രമണം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഗാസയിലെ ജനങ്ങള്‍ കടുത്ത പട്ടിണിയിലേക്കാണ് നീങ്ങുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. റഫ ഒഴികെയുള്ള പ്രദേശങ്ങളില്‍ സഹായവിതരണം നടക്കുന്നില്ല. ഗാസയിലെ അവശേഷിക്കുന്ന ജനസംഖ്യയുടെ പകുതിപ്പേരും പട്ടിണി കിടക്കുകയാണെന്ന് യു.എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം ഓഫിസ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ഇതുവരെ 18,000 ത്തിലധികം മനുഷ്യര്‍ കൊല്ലപ്പെട്ടു എന്നാണ് കണക്ക്. ഇതില്‍ 70 ശതമാനത്തോളം സ്ത്രീകളും കുട്ടികളുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 208 പലസ്തീനികളുടെ മൃതദേഹങ്ങള്‍ ഗാസയിലെ ആശുപത്രികളിലേക്ക് മാറ്റിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.