
പാക്കിസ്താന് വായ്പ നല്‍കുന്നത് പുനപരിശോധിക്കണം; ലോകബാങ്കിനോട് ഇന്ത്യ
പാക്കിസ്താന് ഫണ്ടുകളും വായ്പകളും നല്‍കുന്നത് പുനപരിശോധിക്കണമെന്ന് ലോകബാങ്ക് അടക്കമുള്ള അന്താരാഷ്ട്ര ധനകാര്യ ഏജന്‍സികളോട് ആവശ്യപ്പെടാന്‍ ഇന്ത്യ തീരുമാനിച്ചു. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ നിലവില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന പാക്കിസ്താന്റെ സാമ്പത്തിക സ്രോതസ്സുകള്‍ അടയ്ക്കാന്‍ ശ്രമിക്കുന്നത്.
26 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മൂന്ന് പാക്കിസ്താന്‍കാരടക്കമുള്ള അഞ്ച് ഭീകരരെ ഇന്ത്യ തിരിച്ചറിഞ്ഞിരുന്നു.
ആഗോള ഭീകരവാദത്തിന് വളംവയ്ക്കുന്ന തെമ്മാടി രാഷ്ട്രമാണ് പാക്കിസ്താനെന്ന് കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ആരോപിച്ചിരുന്നു. അതേസമയം, പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ വെറുതെവിടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.
ആക്രമണത്തിനുശേഷം രക്ഷപ്പെട്ട ഭീകരര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഇന്ത്യ ശക്തമായി തുടരുകയാണ്.
ലോകബാങ്ക് അധികൃതര്‍ തുടര്‍ ധനസഹായങ്ങള്‍ നല്‍കുന്നതിന് മെയ് 9ന് പാക്കിസ്താനുമായി ചര്‍ച്ച നടത്താനിരിക്കെയാണ് ഇന്ത്യയുടെ നീക്കം.
കാലാവസ്ഥയുമായി ബന്ധപ്പെട്ട വായ്പ പദ്ധതി പ്രകാരം 1.3 ബില്ല്യണ്‍ ഡോളര്‍ പാക്കിസ്താന് നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് നടക്കുന്നത്. 2024 ഡിസംബര്‍ 31ലെ കണക്കനുസരിച്ച് ഏഷ്യന്‍ വികസന ബാങ്ക് 764 വായ്പാ പദ്ധതികളിലൂടെ 43.4 ബില്ല്യണ്‍ ഡോളറിന്റെ വായ്പ, ഗ്രാന്‍ഡ്, സാങ്കേതിക സഹായം എന്നിവ വാഗ്ദാനം ചെയ്തിട്ടുണ്ട്.
2025 ജനുവരിയില്‍ ലോകബാങ്ക് പാക്കിസ്താന് 20 ബില്ല്യണ്‍ ഡോളറിന്റെ വായ്പാ പദ്ധതിക്ക് അനുമതി നല്‍കിയിരുന്നു.


