
ഇന്ത്യ 63,000 കോടി രൂപയ്ക്ക് റഫാല്‍ മറൈന്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നു
ഇന്ത്യ നാവികസേനയ്ക്കുവേണ്ടി റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നു. ഫ്രാന്‍സില്‍ നിന്നും 26 മറൈന്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ഏഴ് ബില്ല്യണ്‍ ഡോളറിന്റെ ഇടപാടിന് കേന്ദ്ര സുരക്ഷാകാര്യ ക്യാബിനറ്റ് കമ്മിറ്റി അന്തിമ അനുമതി നല്‍കി. ഇതില്‍ ഒറ്റ സീറ്റുള്ള 22 യുദ്ധവിമാനങ്ങളും ഇരട്ട സീറ്റുള്ള നാല് പരിശീലന വിമാനങ്ങളും ഉള്‍പ്പെടുന്നു.
63,000 കോടി രുപയുടേതാണ് ഇടപാട്. ഫ്‌ളീറ്റ് മെയിന്റനന്‍സ്, ലോജിസ്റ്റിക്കല്‍ പിന്തുണ, സൈനികരുടെ പരിശീലനം തുടങ്ങിയവ ഈ ഇടപാടില്‍ ഉള്‍പ്പെടുന്നു.
കരാര്‍ ഒപ്പിട്ട് അഞ്ച് വര്‍ഷത്തിനുശേഷം റഫാല്‍ എം ജെറ്റുകള്‍ ഇന്ത്യയ്ക്ക് ലഭിച്ചു തുടങ്ങും. ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ യുദ്ധ വിമാനമായ ഐഎന്‍എസ് വിക്രാന്തില്‍ വിന്യസിക്കും. നിലവിലുള്ള മിഗ് 29കെ യുദ്ധവിമാനങ്ങളെ കൂടാതെയാണിത്.
ഇന്ത്യയുടെ വ്യോമസേന നിലവില്‍ 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇവ അംബാലയിലും ഹാഷിമാരയിലുമുള്ള ബേസുകളിലാണുള്ളത്.
പുതിയ റഫാല്‍ മറൈന്‍ ഇടപാടും വ്യോമസേനയുടെ ശേഷി വര്‍ദ്ധിപ്പിക്കും. പറക്കുന്നതിന് ഇടയില്‍ ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കുന്ന സംവിധാനത്തിന്റെ അപ്‌ഗ്രേഡിങും ഇതില്‍പ്പെടുന്നു.
വ്യോമസേനയുടെ റഫാല്‍ യുദ്ധ വിമാനങ്ങളുടെ ഗ്രൗണ്ട് അധിഷ്ഠിത ഉപകരണങ്ങളും സോഫ്റ്റ് വെയറും ഈ ഇടപാടില്‍ ഉള്‍പ്പെടുമെന്ന് പ്രതിരോധ കേന്ദ്രങ്ങള്‍ എഎന്‍ഐയോട് പറഞ്ഞിരുന്നു.