
ഇന്ത്യ യുഎസില്‍ നിന്നുള്ള 55% ചരക്കുകളുടെ തീരുവ കുറയ്ക്കും
യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന 23 ബില്ല്യണ്‍ ഡോളറിന്റെ ചരക്കുകളുടെ തീരുവ കുറയ്ക്കാന്‍ തയ്യാറാണെന്ന് ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിനെ കുറിച്ചുള്ള ചര്‍ച്ചയിലാണ് ഇന്ത്യ ഇക്കാര്യം യുഎസിനെ അറിയിച്ചത്. യുഎസ് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ചരക്കുകളുടെ പകുതിയില്‍ കൂടുതല്‍ വരുമിത്. യുഎസില്‍ നിന്നുള്ള ഇറക്കുമതിയുടെ ഏകദേശം 55 ശതമാനം വരുമിത്.
യുഎസില്‍നിന്നുള്ള ചരക്കുകളുടെ മേല്‍ ഇന്ത്യ വലിയ തീരുവ ചുമത്തുന്നുവെന്നും അതിനെതിരെ പകരത്തിനുപകരം തീരുവ ചുമത്തുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഴ്ചകളായി ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശന വേളയില്‍ തീരുവ കുറയ്ക്കാമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും ട്രംപ് വെളിപ്പെടുത്തിയിരുന്നു.
ട്രംപ് ലോകമെമ്പാടും വിവിധ രാജ്യങ്ങളുടെ മേല്‍ ചുമത്തിയിട്ടുള്ള തീരുവ ഏപ്രില്‍ 2ന് നിലവില്‍വരും. പകരത്തിനുപകരമുള്ള തീരുവ ഇന്ത്യയുടെ യുഎസിലേക്കുള്ള കയറ്റുമതിയുടെ 87 ശതമാനം ചരക്കുകളേയും ബാധിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. 66 ബില്ല്യണ്‍ ഡോളര്‍ വരുമിത്.
കരാര്‍ പ്രകാരം 55 ശതമാനം യുഎസ് ചരക്കുകളുടെ തീരുവകള്‍ കുറയ്ക്കും. നിലവില്‍ ഈ വിഭാഗത്തിലെ ചരക്കുകള്‍ക്ക് 5 ശതമാനം മുതല്‍ 30 ശതമാനം വരെയാണ് തീരുവ ഈടാക്കുന്നത്. ഇവയുടെ തീരുവകള്‍ ഗണ്യമായി കുറയ്ക്കും അല്ലെങ്കില്‍ ചിലതിനുള്ള തീരുവകള്‍ പൂര്‍ണമായും ഒഴിവാക്കും.
ലോകവ്യാപാര സംഘടനയുടെ കണക്കുകള്‍ അനുസരിച്ച് യുഎസ് ചുമത്തുന്ന ശരാശരി തീരുവ 2.2 ശതമാനമാണ്. ഇന്ത്യയുടേത് 12 ശതമാനവും. ഇന്ത്യയുമായുള്ള യുഎസിന്റെ വ്യാപാര കമ്മി 45.6 ബില്ല്യണ്‍ ഡോളറുമാണ്.
ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര കരാര്‍ നടപ്പിലാക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിക്കാനുള്ള തീരുമാനം മോഡിയുടെ യുഎസ് സന്ദര്‍ശനത്തിലാണെടുത്തത്. ഇതിലൂടെ തീരുവ തര്‍ക്കം പരിഹരിക്കാമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇന്ത്യയ്‌ക്കെതിരായ തീരുവ ട്രംപ് പ്രഖ്യാപിക്കുന്നതിന് മുമ്പ് കരാറിലെത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.