
ഇന്ത്യ ആകാശ് മിസൈല്‍ ഫിലിപ്പൈന്‍സിന് വില്‍ക്കും
ചൈനയുമായുള്ള സംഘര്‍ഷം വര്‍ദ്ധിച്ചുവരവേ ഫിലിപ്പൈന്‍സ് ഇന്ത്യയില്‍ നിന്നും മിസൈലുകള്‍ വാങ്ങാന്‍ ഒരുങ്ങുന്നു. ഇന്ത്യയുടെ ഹ്രസ്വദൂര മിസൈലുകളായ ആകാശ് ആണ് ഫിലിപ്പൈന്‍സ് വാങ്ങുന്നത്.
ഫിലിപ്പൈന്‍സിന് ആകാശ് മിസൈല്‍ വില്‍ക്കുന്നതിനുള്ള 200 മില്ല്യണ്‍ ഡോളറിന്റെ കരാറില്‍ ഇന്ത്യ ഏര്‍പ്പെടുമെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ പ്രതിരോധ കയറ്റുമതി കരാര്‍ ആണിത്. ഭൂതല- വ്യോമ മിസൈലായ ആകാശ് കഴിഞ്ഞ വര്‍ഷം അര്‍മീനയ്ക്കും ഇന്ത്യ വിറ്റിരുന്നു. ആകാശിന്റെ ആക്രമണ പരിധി 25 കിലോമീറ്റര്‍ ആണ്.
എത്ര മിസൈലുകളാണ് വില്‍ക്കുന്നതെന്നതിന്റെ കണക്കുകള്‍ ലഭ്യമില്ല. ഈ മിസൈല്‍ നിര്‍മ്മിക്കുന്നത് പൊതുമേഖലാ സ്ഥാപനമായ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ് ആണ്. കഴിഞ്ഞ വര്‍ഷം മനിലയില്‍ നടന്ന ഏഷ്യന്‍ ഡിഫന്‍സ് ആന്‍ഡ് സെക്യൂരിറ്റി എക്‌സിബിഷനില്‍ ഭാരത് ഡൈനാമിക് പങ്കെടുത്തിരുന്നു.
2022ല്‍ മധ്യദൂര സൂപ്പര്‍ സോണിക് മിസൈലായ ബ്രഹ്‌മോസ് ഇന്ത്യ ഫിലിപ്പൈന്‍സിന് വിറ്റിരുന്നു. 375 മില്ല്യണ്‍ ഡോളറിന്റെ കരാറായിരുന്നു അത്.
തെക്കന്‍ ചൈന കടലില്‍ ഫിലിപ്പൈന്‍സും ചൈനയുമായുള്ള സംഘര്‍ഷം വര്‍ദ്ധിക്കുമ്പോഴാണ് ഇന്ത്യയില്‍ നിന്നും മിസൈലുകള്‍ വാങ്ങുന്നത്.