
താലിബാനുമായി വ്യാപാരം ശക്തിപ്പെടുത്താൻ ഇന്ത്യ
താലിബാനുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ. അഫ്ഗാൻ വാണിജ്യ മന്ത്രി അൽഹാജ് നൂറുദ്ദീൻ അസീസിയുടെ സന്ദർശനത്തിന് പിന്നാലെയാണ് ഇന്ത്യയുടെ സുപ്രധാന നീക്കം. ഇറാനിലെ ചാബഹാർ തുറമുഖം കൂടുതല്‍ പ്രയോജനപ്പെടുത്തി സമുദ്രമാര്‍ഗമുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമം നടത്തുകയാണെന്ന് നൂറുദ്ദീൻ അസീസി അറിയിച്ചു.
ചാബഹാർ തുറമുഖം വഴി ഡൽഹി, അമൃത്സർ എന്നീ നഗരങ്ങളിൽ നിന്നും അഫ്ഗാൻ തലസ്ഥാനമായ കാബൂളിലേക്കുള്ള വ്യോമ ഗതാഗതം പുനരാരംഭിക്കാനാണ് വെള്ളിയാഴ്ച ധാരണയായത്. ഇതിലൂടെ ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ. ഗിൽജിത്-ബാൾട്ടിസ്താനിൽ പാകിസ്താൻ നിയമവിരുദ്ധമായി അധിനിവേശം നടത്തിയതിനുശേഷം അഫ്ഗാനുമായുള്ള വ്യാപാരത്തിനോ ഗതാഗതത്തിനോ വേണ്ടി ഇന്ത്യ പാകിസ്താനെ ആശ്രയിച്ചിരുന്നില്ല. ഇത് അഫ്ഗാനുമായുള്ള ഇന്ത്യയുടെ വ്യാപാരത്തെ ബാധിച്ചിരുന്നു.
കാബൂള്‍-ഡല്‍ഹി സെക്ടറിലും കാബൂള്‍-അമൃത്സര്‍ റൂട്ടുകളിലും വ്യോമപാത വഴിയുള്ള ചരക്ക് ഇടനാഴി സജീവമാക്കിയിട്ടുണ്ടെന്നും ഈ മേഖലകളിൽ ചരക്ക് വിമാനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും കേന്ദ്ര വിദേശകാര്യ ജോയിന്റ് സെക്രട്ടറി ആനന്ദ് പ്രകാശ് പറഞ്ഞു. വ്യാഴാഴ്ച ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായും വാണിജ്യ, വ്യവസായ സഹമന്ത്രിയുമായും അസീസി കൂടിക്കാഴ്ച നടത്തിയിരുന്നു.


