
ഇന്ത്യാ-യുഎസ് വ്യാപാര കരാര്‍; ചര്‍ച്ചയ്ക്കുള്ള രൂപരേഖയായി
ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിന്റെ ചര്‍ച്ചകള്‍ക്കായുള്ള രൂപരേഖയായിയെന്ന് യുഎസ് പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയുമായി നടക്കുന്ന ചര്‍ച്ചകളിലൂടെ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് പുതിയ വിപണി തുറക്കാനും യുഎസ് തൊഴിലാളികളെ ഹാനികരമായി ബാധിക്കുന്ന അന്യായമായ നടപടികളെ അഭിസംബോധന ചെയ്യാനും സഹായിക്കുമെന്ന് യുഎസ് വ്യാപാര പ്രതിനിധി ജാമീസണ്‍ ഗ്രീര്‍ പറഞ്ഞു.
ഇന്ത്യയുടെ നിര്‍മ്മാണപരമായ ഇടപെടലിനെ സ്വാഗതം ചെയ്യുന്നുവെന്നും ഇരുരാജ്യങ്ങളിലേയും തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പരസ്പരമുള്ള വ്യാപാരത്തിനായുള്ള ചര്‍ച്ചകളുടെ രൂപരേഖ തയ്യാറാക്കുന്നതിനുള്ള ടേംസ് ഓഫ് റഫറന്‍സ് യുഎസ്ടിആറും ഇന്ത്യയുടെ വ്യാപാര മന്ത്രാലയവും തീരുമാനിച്ചുവെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തില്‍ ഗുരുതരമായ പരസ്പര വിനിമയ കുറവുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ വ്യാപാര കരാര്‍ സംബന്ധിച്ച് നിര്‍ണായക മുന്നേറ്റമുണ്ടായതായി ഇന്ത്യയും യുഎസും ഇന്നലെ പറഞ്ഞിരുന്നു.
ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാരക്കരാറില്‍ ഏര്‍പ്പെടാനുള്ള തീരുമാനം ഫെബ്രുവരി 13ന് ആണെടുത്തത്. ഈ വര്‍ഷം സെപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളോടെ കരാറിന്റെ ആദ്യ ഘട്ടം അന്തിമമാക്കും.
ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ കടന്നുകയറുക, തീരുവ, തീരുവേതര തടസ്സങ്ങള്‍ കുറയ്ക്കുക, ദീര്‍ഘകാല നേട്ടങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള അധിക പ്രതിജ്ഞാബദ്ധതകള്‍ തീരുമാനിക്കാന്‍ ചര്‍ച്ച നടത്തുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് യുഎസ് ശ്രമിക്കുന്നത്.


