ഇന്ത്യ എഫ്-35 വിമാനം വാങ്ങില്ല
ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം താരിഫ് ഏർപ്പെടുത്തിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ തീരുമാനം സൃഷ്ടിച്ച പിരിമുറുക്കങ്ങൾ ലഘൂകരിക്കാനുള്ള മാർഗ്ഗങ്ങൾ പരിഗണനയിൽ ഉള്ളപ്പോൾ തന്നെ, അമേരിക്കൻ നിർമ്മിത എഫ്-35 സ്റ്റെൽത്ത് യുദ്ധ വിമാനങ്ങൾ നൽകാമെന്ന വാഗ്ദാനം ഇന്ത്യ നിരസിച്ചതായി സൂചന. ഇന്ത്യയുടെ പ്രതിരോധ തന്ത്രത്തിൽ വ്യക്തമായ മാറ്റത്തിൻ്റെ സൂചനയായി ഇതിനെ കണക്കാക്കുന്നു.
ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വൈറ്റ് ഹൗസ് സന്ദർശന വേളയിൽ, ഉയർന്ന നിലവാരമുള്ള യുദ്ധവിമാനങ്ങളോടുള്ള താൽപര്യമില്ലായ്മ ന്യൂഡൽഹി അറിയിച്ചതായി ഒരു ബ്ലൂംബെർഗ് റിപ്പോർട്ട് പറയുന്നു. ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള ഒരു പ്രധാന പദ്ധതിയായി ട്രംപ് എഫ്-35 വിൽപ്പനയെ മുന്നോട്ടുവച്ചിരുന്നു. എന്നാൽ ചെലവേറിയ ഓഫ്-ദി-ഷെൽഫ് വാങ്ങലുകളെക്കാൾ സംയുക്തമായ രൂപകൽപ്പനയിലും, ആഭ്യന്തരമായി നിർമ്മിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു മാതൃകയാണ് ഇന്ത്യ ഇഷ്ടപ്പെടുന്നത്.
ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധങ്ങളിൽ വർദ്ധിച്ചുവരുന്ന അനിശ്ചിതത്വത്തിൻ്റെ പശ്ചാത്തലത്തിലാണ് F-35 വിമാനത്തിനോട് മുഖം തിരിക്കുന്ന ഇന്ത്യൻ സമീപനം ശ്രദ്ധേയമാവുന്നത്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% തീരുവ ഏർപ്പെടുത്തുമെന്ന ട്രംപിൻ്റെ പെട്ടെന്നുള്ള പ്രഖ്യാപനം ഇന്ത്യൻ ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചു. ആഗസ്റ്റ് 7 മുതലാവും ഇത് പ്രാബല്യത്തിൽ വരുന്നത്.
മോഡി സർക്കാർ ഉടനടി തിരിച്ചടിക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞെങ്കിലും, വാഷിംഗ്ടണുമായുള്ള വ്യാപാര മിച്ചം കുറയ്ക്കുന്നതിനുള്ള വഴികൾ സജീവമായി വിലയിരുത്തുകയാണ്, അതിൽ അമേരിക്കൻ പ്രകൃതിവാതകം, സ്വർണം, ആശയവിനിമയ ഉപകരണങ്ങൾ എന്നിവയുടെ ഇറക്കുമതി വർദ്ധിപ്പിക്കുന്നത് ഉൾപ്പെടുന്നു.
എന്നാൽ പ്രതിരോധ വാങ്ങലുകളൊന്നും പരിഗണനയിലില്ലെന്ന് റിപ്പോർട്ടിൽ ഉദ്ധരിച്ച ഉദ്യോഗസ്ഥർ പറഞ്ഞു. ലോകത്തിലെ ഏറ്റവും നൂതനമായ യുദ്ധ വിമാനങ്ങളിലൊന്നായി എഫ്-35നെ അമേരിക്ക ഉയർത്തിക്കാട്ടുന്നുവെങ്കിലും അതിൻ്റെ കാര്യക്ഷമതയെപ്പറ്റി സംശയങ്ങൾ ബാക്കിയാണ്. ഇന്ത്യയ്ക്ക് ദീർഘകാലമായി അമേരിക്ക വാഗ്ദാനം ചെയ്തിരുന്നതാണ് എഫ്-35. ഏഷ്യയിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന സൈനിക സാന്നിധ്യത്തെ ചെറുക്കുന്നതിനുള്ള വിശാലമായ നീക്കത്തിൻ്റെ ഭാഗമായി ഇത് കണക്കാക്കപ്പെടുന്നു. ബ്ലൂംബെർഗ് റിപ്പോർട്ടിലെ അവകാശവാദങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.


