
ഓസ്ട്രേലിയക്കെതിരെ 295 റൺസിന്റെ വിജയവുമായി ഇന്ത്യ
ബോർഡർ ഗവാസ്ക്കർ ട്രോഫിക്കായുള്ള ആദ്യ ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയയെ 295 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ. ന്യൂസിലാൻഡിനോട് 3-0 ത്തിന് പരമ്പര നഷ്ടപ്പെട്ടതിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ ഉജ്ജ്വല തിരിച്ചുവരവാണ് പെർത്തിൽ കണ്ടത്.
രണ്ടാം ഇന്നിങ്സിൽ 534 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 238 റൺസിൽ ഓൾ ഔട്ടായി. പരമ്പരയിലെ അടുത്ത മത്സരം ഡിസംബർ ആറിന് നടക്കും. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, രണ്ടു വിക്കറ്റ് വീഴ്ത്തിയ വാഷിഗ്ടൺ സുന്ദർ എന്നിവരാണ് ഇന്ത്യയുടെ വിജയത്തിന് പിന്നിൽ.
തങ്ങളുടെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഹർഷിദ് റാണ, നിതീഷ് റെഡ്ഡി എന്നിവരും ഓരോ വിക്കറ്റ് വീതം നേടി. ആദ്യ ടെസ്റ്റിലെ ജയത്തോടെ, നാല് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ 1-0ന് ഇന്ത്യ മുന്നിലെത്തി. രണ്ട് ഇന്നിങ്സിലുമായി എട്ട് വിക്കറ്റ് വീതം നേടിയ ജസ്പ്രീത് ബുമ്റയാണ് മാൻ ഓഫ് ദ മാച്ച്. കരിയറിൽ രണ്ടാമത്തെ ടെസ്റ്റിൽ ഇന്ത്യയെ നയിക്കുന്ന ബുമ്രയ്ക്ക് ഇത് അവിസ്മരണീയ നേട്ടമാണ്.
അർധ സെഞ്ച്വറി നേടിയ ട്രോവിസ് ഹെഡാണ് ഓസീസിന്റെ ടോപ് സ്കോറർ. ഹെഡിന് പുറമേ മിച്ചൽ മാർഷ് (67 പന്തിൽ 47). അലക്സ് ക്യാരി (58 പന്തിൽ 36), മിച്ചൽ സ്റ്റാർക്ക് (35 പന്തിൽ 12) എന്നിവരും ഇന്ത്യൻ വിജയം നീട്ടുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. നേഥൻ മക്സീനി, ഉസ്മാൻ ഖവാജ, പാറ്റ് കമിൻസ്, മാർനസ് ലബുഷെയ്ൻ, നേഥൻ ലയൻ എന്നിവർ നിരാശപ്പെടുത്തി.