
ഇന്ത്യാ മുന്നണിക്ക് സംയുക്ത പരിപാടികളോ പ്രചാരണങ്ങളോ ഇല്ല: കോണ്‍ഗ്രസ്
ഇന്ത്യാ മുന്നണി 2024ലെ പൊതുതിരഞ്ഞെടുപ്പിനുവേണ്ടി രൂപീകരിച്ചതാണെന്നും ഡല്‍ഹിയില്‍ സഖ്യ സാധ്യത തള്ളിക്കളഞ്ഞത് ആംആദ്മി പാര്‍ട്ടി (എഎപി) ആണെന്നും കോണ്‍ഗ്രസ് നേതാവ് മാണിക്യം ടാഗോര്‍ പറഞ്ഞു. ഡല്‍ഹിയില്‍ എഎപിയുടെ പരാജയത്തിന് കാരണം കോണ്‍ഗ്രസ് ആണെന്ന ആരോപണം ഇന്ത്യാ മുന്നണിയിലെ ഘടകക്ഷികള്‍ ഉയര്‍ത്തുന്നതിനിടയിലാണ് മാണിക്യം ടാഗോര്‍ വിശദീകരണവുമായി എത്തിയത്.
തെറ്റായ പാര്‍ട്ടിക്കു നേരെയാണ് തങ്ങള്‍ കൈവിരല്‍ ചൂണ്ടുന്നതെന്ന് ഞങ്ങളുടെ സഖ്യകക്ഷികള്‍ മനസ്സിലാക്കണമെന്ന് ടാഗോര്‍ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ഡല്‍ഹിയില്‍ ഇന്ത്യാ മുന്നണിയെ തകര്‍ക്കുന്നതിന് ഉത്തരവാദിയായ പാര്‍ട്ടിയെ ആണ് അവര്‍ വിമര്‍ശിക്കേണ്ടതെന്ന് ടാഗോര്‍ പറഞ്ഞു.
ഡല്‍ഹിയില്‍ എഎപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിന് അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചുവെന്നത് ടാഗോര്‍ ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ലോകസഭ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യാ മുന്നണി നേതാക്കള്‍ യോഗം ചേര്‍ന്നിട്ടില്ല. മുന്നണിക്ക് സംയുക്ത പരിപാടികളോ പ്രചാരണങ്ങളോ ഇല്ലാതെ മരവിച്ച അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പാര്‍ലമെന്റില്‍ മുന്നണിയിലെ എല്ലാ ഘടകകക്ഷികളും ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ലോകസഭയിലെ വിപ്പ് ആയ ടാഗോര്‍ പറഞ്ഞു.
പൊതുതിരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിക്ക് ഓരോ സംസ്ഥാനത്തിലും പ്രത്യേകം പ്രത്യേകം തന്ത്രമായിരുന്നുവെന്ന് ടാഗോര്‍ പറഞ്ഞു.
ഡല്‍ഹിയില്‍ എഎപിയും കോണ്‍ഗ്രസും തമ്മില്‍ തിരഞ്ഞെടുപ്പ് ധാരണ ഉണ്ടായിരുന്നു. അതേസമയം, പഞ്ചാബില്‍ ഉണ്ടായില്ല. സിപിഐഎമ്മും കോണ്‍ഗ്രസും തമ്മില്‍ പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും ധാരണ ഉണ്ടായിരുന്നു. പക്ഷേ, കേരളത്തില്‍ അവര്‍ രാഷ്ട്രീയ എതിരാളികള്‍ ആയിരുന്നുവെന്നും ടാഗോര്‍ പറഞ്ഞു.