
ഇന്ത്യന്‍ വംശജന്‍ കാഷ് പട്ടേല്‍ എഫ്ബിഐ തലവന്‍
യുഎസ് എഫ്ബിഐ ഡയറക്ടറായി ഇന്ത്യന്‍ വംശജനായ കാഷ് പട്ടേലിനെ തിരഞ്ഞെടുത്തു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള യുഎസ് സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ ട്രംപിന്റെ വിശ്വസ്തനായ പട്ടേല്‍ രാജ്യത്തിന്റെ ഏറ്റവും പ്രമുഖ നിയമ സ്ഥാപനത്തിന്റെ തലവനായി തിരഞ്ഞെടുക്കപ്പെട്ടു. 51 പേര്‍ പട്ടേലിനെ പിന്തുണച്ചപ്പോള്‍ 49 പേര്‍ എതിര്‍ത്തു.
പട്ടേലിനെ സൂസന്‍ കോളിന്‍സ്, ലിസ മര്‍ക്കോവ്‌സ്‌കി എന്നീ രണ്ട് റിപ്പബ്ലിക്കന്‍ എംപിമാര്‍ എതിര്‍ത്തിരുന്നു. ഇവര്‍ ഡെമോക്രാറ്റുകള്‍ക്കൊപ്പം ചേര്‍ന്ന് പട്ടേലിനെതിരെ വോട്ട് ചെയ്തു. പട്ടേല്‍ ട്രംപിനെ രാഷ്ട്രീയമായി പിന്തുണയ്ക്കുന്നതാണ് അദ്ദേഹത്തിന്റെ അയോഗ്യതയായി ഈ സെനറ്റംഗങ്ങള്‍ കണ്ടത്. എന്നാല്‍ പൊതുജനങ്ങളുടെ വിശ്വാസ്യതക്കുറവുള്ള എഫ്ബിഐയെ പട്ടേല്‍ പുതുക്കിപ്പണിയുമെന്നാണ് റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ വാദം.
എന്നാല്‍ പട്ടേലിന്റെ നിയമനം ഏജന്‍സിയുടെ സ്വതന്ത്ര സ്വഭാവത്തെ ഇല്ലാതാക്കുകയും ട്രംപിന്റെ അജണ്ടയ്ക്ക് അനുസരിച്ച് ഏജന്‍സിയും അതിന്റെ മാതൃ ഏജന്‍സിയായ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റും പ്രവര്‍ത്തിക്കേണ്ടി വരുമെന്നും നിരീക്ഷകര്‍ കരുതുന്നു.
രണ്ടാം ട്രംപ് ഭരണത്തിന്റെ ആദ്യ മാസത്തില്‍ 75 ഓളം എഫ്ബിഐ അഭിഭാഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും രാജിവയ്ക്കുകയോ പുറത്താക്കപ്പെടുകയോ തസ്തികമാറ്റം നേരിടേണ്ടിയോ വന്നിട്ടുണ്ട്.
ട്രംപിന്റെ ഇഷ്ടവിഷയങ്ങളായ അനധികൃത കുടിയേറ്റത്തിനും അക്രമങ്ങള്‍ക്കും എതിരായ നടപടികള്‍ പട്ടേലിന്റേയും ഇഷ്ടവിഷയങ്ങളാണ്.


