
ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിൽ കളിക്കില്ല
അടുത്ത വർഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിൽ കളിക്കാൻ സന്നദ്ധമല്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിനെ (ഐസിസി) അറിയിച്ചു. ഇന്ത്യൻ ടീമിനായി പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താമെന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) വാഗ്ദാനം ചെയ്തിട്ടും ബിസിസിഐ ഇന്ത്യൻ ടീമിനെ അയക്കുന്നതിന് ഒരുക്കമല്ലെന്ന് ദി ഹിന്ദു പത്രം റിപ്പോർട്ട് ചെയ്തു.
പാകിസ്ഥാനിലെ സുരക്ഷാ സ്ഥിതിയെ പറ്റി പഠിക്കുവാൻ ഐസിസിയുടെ സുരക്ഷാ ടീം പാകിസ്ഥാൻ സന്ദർശിക്കുന്നതിന് തൊട്ടു മുൻപാണ് ബിസിസിഐ നിലപാട് അറിയിച്ചത്. പാകിസ്ഥാനിൽ കളിക്കുന്നതിനുള്ള വിസമ്മതം ഐസിസിയെ അറിയിച്ചിട്ടുണ്ട്, ഒരു ഹൈബ്രിഡ് മാതൃകക്ക് ഞങ്ങൾ ഒരുക്കമാണെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചതായി പത്രം റിപ്പോർട്ട് ചെയ്തു.
ഹൈബ്രിഡ് മാതൃക പ്രകാരം ഇന്ത്യയും, പാകിസ്ഥാനും തമ്മിലുള്ള മത്സരങ്ങൾ യുഎഇയിൽ നടത്താമെന്നാണ് ബിസിസിഐ മുന്നോട്ടു വയ്ക്കുന്ന നിർദേശം. എന്നാൽ ഹൈബ്രിഡ് മാതൃക പാകിസ്ഥാൻ തള്ളിക്കളയുന്നു. പാകിസ്ഥാൻ ആഭ്യന്തര മന്ത്രിയും, പിസിബി അധ്യക്ഷനുമായ സയ്യദ് മോഷിൻ നഖ്‌വി ഈ നിർദേശം സ്വീകാര്യമല്ലെന്ന് വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.
2025 ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെയാണ് ചാമ്പ്യൻസ് ട്രോഫി ഏകദിന ടൂർണമെന്റ് നടക്കുന്നത്. ഇന്ത്യ, പാകിസ്ഥാൻ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലൻഡ്, ബംഗ്ലാദേശ്, സൗത്ത് ആഫിക്ക, അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.