
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ 6.7% വളരും: ലോകബാങ്ക്
അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 6.7% വളര്‍ച്ച കൈവരിക്കുമെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട്. സേവന മേഖല സുസ്ഥിര വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ആഗോള സാമ്പത്തിക സാധ്യതകള്‍ എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ പദ്ധതികളുടെ പിന്തുണയില്‍ മാനുഫാക്ചറിങ് പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
വളരുന്ന വിപണികള്‍ക്കും സമ്പദ് വ്യവസ്ഥകള്‍ക്കും പ്രത്യേക ഊന്നല്‍ നല്‍കിയുള്ള ഈ റിപ്പോര്‍ട്ട് ആഗോള സാമ്പത്തിക വികസനങ്ങളും സാധ്യതകളും പരിശോധിക്കുന്നു.
2025ല്‍ ആഗോള സമ്പദ് വ്യവസ്ഥ വളരുമെങ്കിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ചെറുതായി ദുര്‍ബലമാകുമെന്ന് അന്താരാഷ്ട്ര നാണയ നിധി ജനുവരി 10ന് പറഞ്ഞിരുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി നാലുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 6.4% ആകുമെന്ന് ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് പുറത്ത് വിട്ടിരുന്നു. 2023-24ല്‍ 8.2% വളര്‍ച്ചയാണ് ഇന്ത്യ കൈവരിച്ചിരുന്നത്. ആര്‍ബിഐയുടെ കണക്കുകൂട്ടലിനേക്കാളും കുറവാണ് സ്ഥിതി വിവരക്കണക്ക് ഓഫീസിന്റെ പ്രവചനം. മാനുഫാക്ചറിങ് നിക്ഷേപ വളര്‍ച്ച കുറയാന്‍ സാധ്യതയുള്ളതിനാലാണ് ഇന്ത്യയുടെ ജിഡിപി കുറയുന്നത്.
2024-25, 2025-26 സാമ്പത്തിക വര്‍ഷങ്ങളില്‍ ആഗോള സമ്പദ് വ്യവസ്ഥ 2.7% വളരും. എന്നാല്‍ കോവിഡ് 19 മഹാമാരിക്ക് മുമ്പുള്ള ദശാബ്ദത്തിലെ 3.1% വളര്‍ച്ചാ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് കുറവാണ്.
അടുത്ത രണ്ടുവര്‍ഷത്തേക്ക് തെക്കനേഷ്യ 6.2% വളരും. എന്നാല്‍, ഇന്ത്യയെ ഒഴിവാക്കിയാല്‍, പാകിസ്ഥാനിലേയും ശ്രീലങ്കയിലേയും സാമ്പത്തിക തിരിച്ചുവരവിന്റെ ബലത്തില്‍ ഈ മേഖല 3.9% വളരും.