
ബുസാൻ ചലച്ചിത്രമേളയിൽ പുരസ്കാരം നേടി സഞ്ജു സുരേന്ദ്രൻ ചിത്രം
ദക്ഷിണ കൊറിയയിലെ 2025 ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഹൈലൈഫ് വിഷൻ പുരസ്കാരം നേടി ഇന്ത്യൻ ചിത്രം ‘ഇഫ് ഓൺ എ വിന്റേഴ്സ് നൈറ്റ്’(If on a Winter’s Night). പായൽ കപാഡിയ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ സിനിമ വിഷൻ ഏഷ്യ വിഭാഗത്തിലാണ് പ്രദർശിപ്പിച്ചത്. എഴുത്തുകാരി രേഖ രാജിന്റെ തിരക്കഥ ഡൽഹിയിലേക്ക് കുടിയേറുന്ന മലയാളി കമിതാക്കളുടെ ജീവിതം പ്രമേയമാക്കുന്നു. ആധുനിക നാഗരികതയും പുതിയ ജീവിത സാഹചര്യങ്ങളും അവരുടെ പ്രണയത്തെ എങ്ങനെ മുറിവേൽപ്പിക്കുന്നുവെന്നും, അത് എങ്ങനെ രൂപപ്പെടുത്തുന്നുവെന്നും ചിത്രം പറയുന്നു.
ഏഷ്യൻ സിനിമ ഫണ്ടിന്റെ(ACF) പോസ്റ്റ് പ്രൊഡക്ഷൻ ഗ്രാന്റ് ചിത്രത്തിന് ലഭിച്ചിരുന്നു. ബുസാൻ ചലച്ചിത്രമേളയുടെ, ഇൻഡിപെൻഡന്റ് സിനിമകളെ സഹായിക്കാനുള്ള സംരംഭമാണ് എസിഎഫ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി റോഷൻ അബ്ദുൽ റഹൂഫും, ഭാനുപ്രിയയുമാണ് അഭിനയിക്കുന്നത്. ജിതീഷ് റെയ്ച്ചൽ, ആരതി കെബി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
സഞ്ജു സുരേന്ദ്രനും ഛായാഗ്രാഹകനായ മനേഷ് മാധവനും ആദ്യമായി ഒന്നിച്ച ഏദൻ (2017) മികച്ച ഛായാഗ്രഹണത്തിനുള്ളതടക്കം നാല് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയിരുന്നു. അതേ വർഷം നടന്ന IFFK-യിൽ, മികച്ച നവാഗത സംവിധായകനുള്ള രജതചകോരം പുരസ്‌കാരവും ചിത്രം സ്വന്തമാക്കി.


