TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

അപരാജിത കുതിപ്പ് തുടരുന്ന ഇന്ത്യ

06 Jul 2023   |   2 min Read
TMJ News Desk

ഴിഞ്ഞ മൂന്ന് ആഴ്ചക്കാലയളവിൽ ഇന്ത്യയുടെ ഫുട്ബോൾ ടീം നേടിയത് രണ്ട് കിരീടങ്ങളാണ്. കഴിഞ്ഞ മാസം ജൂൺ 18 ന് ലെബനനെ തോൽപ്പിച്ച് ഇന്റർ കോൺടിനെന്റ് കിരീടം നേടിയപ്പോൾ ഈ ജൂലൈ നാലിന് കുവൈത്തിനെ തോൽപ്പിച്ച് ഇന്ത്യ സാഫ് കപ്പുയർത്തി. അപരാജിത കുതിപ്പ് തുടരുന്ന ഇന്ത്യ ഫിഫ റാങ്കിങ്ങിലും മുന്നോട്ട് പോയിട്ടുണ്ട്. ഫിഫ റാങ്കിങ്ങിൽ 100-ാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോൾ നിൽക്കുന്നത്. ഒരു കളി പോലും തോൽക്കാതെയാണ് ഇന്ത്യ ഈ രണ്ട് കപ്പുകളും ഉയർത്തിയത്. ഇതിനിടയിൽ കളിച്ച എ.എഫ്.സി ഏഷ്യൻ കപ്പ്, ലോകകപ്പ്് ക്വാളിഫയർ മത്സരങ്ങളിലും നല്ല നിലയിൽ തന്നെ ടീം പന്ത് തട്ടി. കുറച്ച് കാലങ്ങളായി ഉള്ള ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പ്രകടനങ്ങൾ എടുത്ത് നോക്കിയാൽ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യ ഇപ്പോൾ പുറത്ത് എടുത്ത് കൊണ്ടിരിക്കുന്നത്. സാഫ് കപ്പ് ചരിത്രത്തിലെ തന്നെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി ടീമിന്റെ ഈ സീസണിലെ പ്രകടനത്തെ വിലയിരുത്തുന്നു.

ഇഗർ സ്റ്റിമിച്ചിന്റെ കുട്ടികൾ 

ക്രൊയേഷ്യക്കാരൻ ഇഗർ സ്റ്റിമിച്ച് 2019 ലാണ് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി ചുമതലയേൽക്കുന്നത്. പരിശീലകനിൽ ഫെഡറേഷൻ അർപ്പിച്ച വിശ്വാസത്തിന്റെ ഫലങ്ങൾ കൂടിയാണ് ഈ കിരീട നേട്ടങ്ങൾ. സാഫ് കപ്പ് ഫൈനലിൽ കുവൈത്തിനെതിരെ നേടിയ സമനില ഗോൾ സ്റ്റിമിച്ച് ടീമിൽ കൊണ്ട് വന്ന മാറ്റങ്ങളുടെ പ്രധാന ഉദാഹരണമാണ്. ഒത്തിണക്കത്തോടെയുള്ള ടീം പ്ലേയിലൂടെയായിരുന്നു ആ ഗോൾ. കളിക്കാനിറങ്ങുന്ന മുഴുവൻ കളിക്കാരും പരസ്പരം മനസ്സിലാക്കി പന്ത് തട്ടിയതോടെ മികച്ച് നിൽക്കുന്ന പല മുന്നേറ്റങ്ങളും നമുക്ക് കാണാൻ സാധിച്ചു. കളിയോടുള്ള ഓരോ കളിക്കാരന്റെയും സമീപനം മികച്ച് നിന്നു. എന്ത് വില കൊടുത്തും കളി ജയിക്കുക എന്ന മനോഭാവം എല്ലാ കളിക്കാരിലും ഉണ്ടായിട്ടുണ്ട്. പല കളികളും 90 മിനിട്ട് കഴിഞ്ഞ്്് എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയപ്പോൾ ശാരീരിക ക്ഷമത ഒട്ടും ചോരാതെ തന്നെ താരങ്ങൾ പന്ത് തട്ടിയത് സ്റ്റിമിച്ച് വന്നതിന് ശേഷമുള്ള പ്രധാന മാറ്റത്തിലൊന്നാണ്. ക്രൊയേഷ്യയിൽ പ്രതിരോധ താരമായിരുന്ന സ്റ്റിമിച്ച് മാനേജരായി മാറിയപ്പോൾ ഇന്ത്യൻ ടീമിന്റെ പ്രതിരോധവും കരുത്തുറ്റതാക്കി. സാഫ് കപ്പിൽ ഇന്ത്യ ആകെ വഴങ്ങിയത് രണ്ട് ഗോളുകൾ മാത്രമാണ്. കുവൈത്തിന് മാത്രമാണ് ഇന്ത്യക്കെതിരെ ഗോൾ സ്‌കോർ ചെയ്യാൻ സാധിച്ചത്. ഫൈനലിലെ ഒരു ഗോളും ഗ്രൂപ്പ് സ്റ്റേജിലെ സെൽഫ് ഗോളും. സന്ദേശ് ജിങ്കൻ, അൻവർ അലി എന്നിവർ സെന്റർ ബാക്കുകളുടെ സ്ഥാനത്ത് ഉറച്ച് തന്നെ നിൽക്കുന്നു. ഫൈനലിൽ ഒരു ഗോൾ വഴങ്ങിയതിന് ശേഷം അൻവർ അലി പരിക്കേറ്റ് മടങ്ങിയെങ്കിലും പകരക്കാരനായി ഇറങ്ങിയ മെഹ്താബ് സിങ്ങും മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. കഴിഞ്ഞ മാസം ഒൻപത് മത്സരങ്ങളിൽ നിന്നായി ഇന്ത്യ നേടിയത് ഒൻപത് ഗോളുകളാണ്. സുനിൽ ഛേത്രി എന്ന ഇന്ത്യൻ ക്യാപ്റ്റൻ തന്നെയാണ് ടീമിന്റെ എല്ലാമെല്ലാം. അടുത്ത മാസം 39 വയസ്സ് തികയുന്ന ഛേത്രി ഇപ്പോഴും ഗോളുകൾ അടിച്ച് കൊണ്ടിരിക്കുന്നു. ഇന്റർ കോൺടിനെന്റ് കപ്പിൽ കളിക്കാനിറങ്ങുമ്പോൾ 82 ഗോളായിരുന്നു ഛേത്രിയുടെ ആകെ ഗോൾ നേട്ടമെങ്കിൽ സാഫ് കപ്പ് കഴിയുമ്പോൾ അത് 92 ആണ്. ഇപ്പോൾ കളിക്കുന്നവരിൽ റൊണാൾഡോയും മെസ്സിയും മാത്രമാണ് ഛേത്രിക്ക് മുന്നിലുള്ളത്. ടൂർണ്ണമെന്റിലെ ഗോൾഡൻ ബൂട്ടും,ഗോൾഡൻ ബോളും നേടിയതും ഇന്ത്യയുടെ ഈ നായകൻ തന്നെ. മലയാളി താരമായ സഹൽ കൂടാതെ മഹേഷ് സിങ്ങ്, ഉദാന്ത സിങ്ങ്, ലാലിയൻസുവാല ചാങ്തെ എന്നിവർ ഗോളുകൾ നേടി ഇന്ത്യൻ ടീമിന്റെ പ്രതീക്ഷ ഉയർത്തുന്നുണ്ട്. മറ്റൊരു മലയാളി താരമായ ആഷിഖും മികച്ച ഫോമിൽ നിൽക്കുന്നുണ്ട്. ഫൈനലിൽ ഇന്ത്യ നേടിയ ഗോൾ ആഷിഖിന്റെ മുന്നേറ്റത്തിലൂടെ വന്നതാണ്. കഴിഞ്ഞ മത്സരങ്ങളിൽ ഇന്ത്യക്കായി മൂന്നാം ചോയിസ് ഗോൾ കീപ്പർ ഗുർമീത് സിങ്ങിന് മാത്രമാണ് കളിക്കാൻ അവസരം ലഭിക്കാതെ പോയത്്. അതായത് കഴിഞ്ഞ ഒൻപത് മത്സരങ്ങളിലായി ഇന്ത്യക്ക് വേണ്ടി 22 താരങ്ങൾ ബൂട്ട്് അണിഞ്ഞു. ടീമിന്റെ സ്‌ക്വാഡ് ഡെപ്തിന് കൂടി ഉദാഹരണമാണിത്. 

ഇനിയെന്ത്

അടുത്ത വർഷം നടക്കാനിരിക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പാണ് ഇന്ത്യ ഇനി കളിക്കാനിരിക്കുന്ന പ്രധാന ടൂർണ്ണമെന്റ്. ഓസ്ട്രേലിയ, ഉസ്ബക്കിസ്ഥാൻ, സിറിയ തുടങ്ങിയ ടീമുകളുൾപ്പെടുന്ന ഗ്രൂപ്പിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. ഒസ്ട്രേലിയ തന്നെയാണ് ഏറ്റവും കടുത്ത എതിരാളി. ഏഷ്യൻ കപ്പിന് മുന്നേ കിങ്‌സ് കപ്പിലും അതിന് പിന്നാലെ മെർക്കാദെ കപ്പിലും ഇന്ത്യ കളിക്കാനിറങ്ങും. വരാനിരിക്കുന്ന ലോകകപ്പ്് ക്വാളിഫയർ മത്സരങ്ങളും നിർണ്ണായകമാണ്.

#Daily
Leave a comment