TMJ
searchnav-menu
post-thumbnail

TMJ Daily

ഒന്‍പത് വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നു

05 Oct 2024   |   1 min Read
TMJ News Desk

വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ് 2015ല്‍ നടത്തിയ സന്ദര്‍ശനം കഴിഞ്ഞ് ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ വിദേശകാര്യ മന്ത്രി പാകിസ്ഥാന്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നത്. ഷാങ്ഹായ് കോ-ഓപ്പറേഷന്റെ കൗണ്‍സില്‍ ഓഫ് ഗവണ്‍മെന്റ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പാകിസ്ഥാനിലേക്ക് പോകുന്നത്. ഒക്ടോബര്‍ 15-16 തീയതികളില്‍ ഇസ്ലാമാബാദില്‍ നടക്കുന്ന ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുക്കും. പാകിസ്ഥാന്‍ സന്ദര്‍ശനം നടത്തുന്നുണ്ടെങ്കിലും ഉഭയകക്ഷി യോഗങ്ങളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

2015 ഡിസംബര്‍ 8-9 തീയതികളില്‍ ഇസ്ലാമാബാദില്‍ നടന്ന അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള ഹാര്‍ട്ട് ഓഫ് ഏഷ്യ മന്ത്രിതല സമ്മേളനത്തിലാണ് അന്ന് വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ് പങ്കെടുത്തത്.

ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അനുകൂലിക്കുന്നവരുടെ പ്രതിഷേധം പാക്കിസ്ഥാനെ ഇളക്കിമറിക്കുന്ന സാഹചര്യത്തിലാണ് ഇസ്ലാമാബാദില്‍ എസ്സിഒ യോഗം നടക്കുന്നത്. ഇമ്രാന്‍ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റാലി നടക്കുന്നുണ്ട്. അത് തടയുന്നതിനായി അധികാരികള്‍ ഇസ്ലാമാബാദിലേക്കുള്ള പ്രധാന റോഡുകളിലും, ഹൈവേകളിലും, ഷിപ്പിംഗ് കണ്ടെയ്‌നറുകള്‍ സ്ഥാപിക്കുകയും സെല്‍ഫോണ്‍ സേവനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു.

ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി പ്രതിഷേധത്തിനുള്ള ആഹ്വാനത്തില്‍ ഉറച്ച് നിന്നതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാര്‍, അര്‍ദ്ധസൈനിക റേഞ്ചര്‍മാരെയും, അധിക പൊലീസിനെയും വിന്യസിക്കുകയും ഇസ്ലാമാബാദിലും സമീപ നഗരമായ റാവല്‍പിണ്ടിയിലും സ്‌കൂളുകള്‍ക്ക് അവധി നല്‍കുകയും ചെയ്തു.

പുല്‍വാമ, ബലാകോട്ട്, കശ്മീര്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം അത്ര നല്ല നിലയിലായിരുന്നില്ല. 2023 മെയില്‍ അന്നത്തെ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയായിരുന്ന ബിലാവല്‍ ഭൂട്ടോ സര്‍ദാരി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. അതിന് ഏകദേശം 12 വര്‍ഷം മുമ്പാണ് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദര്‍ശിച്ചത്.ഗോവയില്‍ നടന്ന എസ്സിഒ കൗണ്‍സില്‍ ഓഫ് ഫോറിന്‍ മിനിസ്റ്റേഴ്സിന്റെ ദ്വിദിന യോഗത്തില്‍ പങ്കെടുക്കുവാനാണ് അദ്ദേഹം ഇന്ത്യയിലേക്ക് വന്നത്.



#Daily
Leave a comment