Photo: PTI
ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആക്രമണം: ഡല്‍ഹി പോലീസ് കേസെടുത്തു
ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനു നേരെയുണ്ടായ ആക്രമണത്തില്‍ ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഐപിസി, യുഎപിഎ, പിഡിപിപി നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കാന്‍ ഡല്‍ഹി പോലീസിനോട് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
യുകെയില്‍ നടത്തിയ പ്രതിഷേധത്തില്‍ ഇന്ത്യന്‍ പൗരത്വമുള്ള ചില വ്യക്തികള്‍ ഉള്‍പ്പെട്ടതിനാല്‍ പ്രത്യേക സെല്‍ അന്വേഷണം ആരംഭിച്ചതായും ഡല്‍ഹി പോലീസ് അറിയിച്ചു. അതേസമയം, പ്രതികളായവരെ നാടുകടത്തണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടു. ഇവരില്‍ പലരും ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശമുള്ളവരാണ്. ആക്രമണത്തെ തുടര്‍ന്ന് ബ്രിട്ടനില്‍ അഭയം തേടിയവരുമുണ്ട്. ഖലിസ്ഥാന്‍ വിഘടനവാദത്തെ പിന്താങ്ങുന്നവരാണ് ഇവരെന്നും ബ്രിട്ടനിലും മറ്റു വിദേശരാജ്യങ്ങളിലും ഇന്ത്യന്‍ പൗരന്മാര്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇവരാണെന്നും പറയപ്പെടുന്നു.
ആക്രമണത്തില്‍ പങ്കെടുത്ത അവ്താര്‍ ഖണ്ട ബ്രിട്ടനില്‍ കാലങ്ങളായി ജീവിക്കുന്നയാളാണെന്നും ഖലിസ്ഥാനു വേണ്ടിയുള്ള പ്രതിഷേധത്തിലെ പ്രധാനിയാണെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇന്ത്യയില്‍ രാഷ്ട്രീയമായി വേട്ടയാടപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി ബ്രിട്ടനില്‍ അഭയം തേടിയിരിക്കുകയാണ് ഇയാള്‍. ഹൈക്കമ്മീഷന്‍ ആക്രമണത്തില്‍ ഇയാളെ അറസ്റ്റു ചെയ്തിരുന്നു. മാര്‍ച്ച് 19 ന് നടന്ന ആക്രമണത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ജനല്‍ ചില്ലുകള്‍ തല്ലിത്തകര്‍ക്കുകയും ദേശീയ പതാക വലിച്ച് നിലത്തിട്ടതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.